എറണാകുളം: സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്ത് വിട്ടയച്ചു. ഇത് മൂന്നാം തവണയാണ് എൻ.ഐ. എ സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ എൻ.ഐ. ഓഫീസിലെത്തിയ ശിവശങ്കർ രാത്രി 8.15 ഓടെയാണ് മടങ്ങിയത്. ഒമ്പതു മണിക്കൂർ നീണ്ട ഏറെ നിർണ്ണായകമായ ചോദ്യം ചെയ്യലിനൊടുവിലാണ് അദ്ദേഹം മടങ്ങിയെന്നത് ഏറെ ശ്രദ്ധേയമാണ്. നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ഫോൺ ചാറ്റുകൾ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തിരുന്നു. ഈ തെളിവുകളെ അടിസ്ഥാനമാക്കിയാണ് ഇന്ന് ചോദ്യം ചെയ്തത്. നേരെത്തെ നൽകിയ മൊഴികളിൻ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തത വരുത്തുകയായിരുന്നു എൻ.ഐ.എ.
എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും എൻ.ഐ.എ ഓഫീസിലെത്തിച്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തുവെങ്കിലും ശിവശങ്കറിനെ പ്രതി ചേർക്കാനുള്ള തെളിവുകൾ ലഭിച്ചില്ലെന്നാണ് അറിവ്. ഇതോടെയാണ് ശിവശങ്കറിനെ വിട്ടയച്ചത്. ഇതാകട്ടെ അദ്ദേഹത്തിനും സർക്കാറിനും ആശ്വാസം പകരുന്നതാണ്. നേരത്തെ തിരുവനന്തപുരം പൊലീസ് ക്ലബിലും, എൻ.ഐ.എ ഓഫീസിൽ രണ്ടു ദിവസങ്ങളിലുമായും നടത്തിയ ചോദ്യം ചെയ്യലിൽ, സ്വർണ്ണക്കടത്തു കേസിൽ എം.ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിരുന്നില്ല. അതേസമയം പുതുതായി ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ന് നടന്ന ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ച് അത് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് ലഭിക്കുന്നതിന് സമാനമാണ്. ഇത് വ്യക്തമാക്കേണ്ടത് അന്വേഷണ ഏജൻസി തന്നെയാണ്. സ്വപ്‌നയുമായുള്ളത് സൗഹൃദം മാത്രമാണെന്ന മൊഴിയിൽ ശിവശങ്കർ ഉറച്ചുനിൽക്കുകയായിരുന്നു. ഈ ബന്ധം കള്ളകടത്തിന് ഉപയോഗിച്ചു വെന്നതിന് തെളിവുകളില്ല എന്നത് തന്നെയാണ് ശിവശങ്കറിനെ തൽക്കാലത്തേങ്കിലും രക്ഷപെടുത്തിയത്.