എറണാകുളം: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ വാഹനങ്ങളിൽ നടത്തിയ പരിശോധന റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് ഇന്ന് (വ്യാഴം) ക്രൈംബ്രാഞ്ചിന് കൈമാറും. മോൻസൺ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ മോൻസന്‍റെ പേരിൽ ഉള്ളതല്ലന്നാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ വാഹനങ്ങളുടെ ഉടമസ്ഥരെ കുറിച്ച് അന്വേഷണം നടത്തും.
അഞ്ച് വാഹനങ്ങളുടെ രേഖകൾ മോട്ടോർ വാഹന വകുപ്പിന്‍റെ സൈറ്റിൽ ലഭ്യമല്ല. അതേസമയം വ്യാജ നമ്പറുകൾ കണ്ടെത്തിയിട്ടില്ല. രണ്ട് വാഹനങ്ങൾ രൂപമാറ്റം വരുത്തിയാണ് പോർഷെയാക്കിയത്. മോൻസന്‍റെ വാഹനങ്ങളിൽ ഏറെയും കാലപ്പഴക്കം ചെന്നതും റോഡിൽ ഉപയോഗിക്കാൻ കഴിയാത്തതുമാണ്. എല്ലാ വാഹനങ്ങളും കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്തതാണ്. അതത് സംസ്ഥാനങ്ങളിലെ ആർടിഒമാരെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.
READ MORE: മോന്‍സണെതിരെ കുരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച് : അന്വേഷണ സംഘം വിപുലീകരിച്ചു
മോൻസൺ ഉപയോഗിച്ച എട്ട് ആഡംബര കാറുകളാണ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചത്. റിപ്പോർട്ട് ഇന്ന് ട്രാൻസ്‌പോർട് കമ്മിഷണർക്കും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനും കൈമാറും. അതേസമയം വയനാട്ടിലെ ഭൂമി തട്ടിപ്പ് കേസിൽ മോൻസന്‍റെ ക്രൈംബ്രാഞ്ച് കസ്റ്റഡി ഇന്ന് അവസാനിക്കും. പ്രതിയെ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കും.