എറണാകുളം: ആയിരങ്ങൾ ഗതാഗതത്തിനായി ആശ്രയിക്കുന്ന ഇഞ്ചത്തൊട്ടി തൂക്കുപാലം അപകടാവസ്ഥയിൽ. നിരവധി പേർ നിത്യേന പെരിയാർ മുറിച്ചു കടക്കാൻ ആശ്രയിക്കുന്ന തൂക്ക് പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളായി.നേര്യമംഗലം മേഖലയും പെരിയാറും ചുറ്റപ്പെട്ട ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള എളുപ്പമാർഗമാണ് ഈ തൂക്കുപാലം.
ഈ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ആവശ്യപ്രകാരം ഏഴ് വർഷം മുൻപാണ് ഇവിടെ തൂക്കുപാലം നിർമിച്ചത്. നിർമാണത്തിന് ശേഷം കാലാ കാലങ്ങളിൽ അറ്റകുറ്റ പണികൾ നടത്താത്തതാണ് ഈ അവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പാലത്തിന്‍റെ കൈവരികൾ തകർന്നു. അതിന് മുന്‍പ് തന്നെ കമ്പികളും ഗാർഡുകളും തുരുമ്പെടുത്ത് നശിച്ചു തുടങ്ങിയിരുന്നു. തൂക്കുപാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തണം എന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും പരാതിയുണ്ട്.