എറണാകുളം: കൊച്ചിയിൽ സിനിമ നിർമാതാക്കളുടെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ്. നടനും നിർമാതാവുമായ പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ വീടുകളിലാണ് ഒരേ സമയം പരിശോധന നടത്തിയത്.
അതീവ രഹസ്യമായാണ് കേരള, തമിഴ്‌നാട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വ്യാഴാഴ്‌ച രാവിലെ ഒരേ സമയം ആരംഭിച്ച റെയ്‌ഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്. ആന്‍റണി പെരുമ്പാവൂരിന്‍റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്‌ഡ് നടത്തിയത്.
പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാൻ അധികൃതർ തയാറായിട്ടില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട് രേഖകളും മറ്റും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായാണ് സൂചന.