കൊച്ചി: പെരുമ്പാവൂർ ചെമ്പറക്കി എവിടി കമ്പനിക്ക് സമീപം പ്രവർത്തിക്കുന്ന കോഴിഫാമിന്‍റെ ഗോഡൗണിൽ നിന്നും നിരോധിത പുകയില പായ്ക്കറ്റുകൾ പിടികൂടി. 39150 പായ്ക്കറ്റ് ഹാൻസ് ആണ് പിടികൂടിയത്. ഫാമിന്റെ ഉടമയായ ഉമ്മറും, മാറമ്പിള്ളി വള്ളോപിള്ളി വീട്ടിൽ ഹുസൈനും ചേർന്നാണ് പുകയില ഉത്പന്ന ശേഖരണവും വിൽപനയും ഫാമിൽ നടത്തി വന്നിരുന്നത്. തടിയിട്ടപറമ്പ് സി ഐയുടെയും ഡിസ്ട്രിക്ട് ആന്റി നാർക്കോടിക്ക് സ്പെഷ്യൽ ഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
ജില്ലയിലെ സ്കൂൾ കോളജ് വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി വൻതോതിൽ പുകയില ഉൽപന്നങ്ങൾ ശേഖരിച്ചിരിക്കുന്നതായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന കോഴിത്തീറ്റയുടെ മറവിലാണ് സംഘം പുകയില ഉത്പന്നങ്ങൾ വിൽപ്പനയും ശേഖരണവും നടത്തിയിരുന്നതായി പൊലീസ് അധികൃതർ വ്യക്തമാക്കി.