എറണാകുളം: കീരംപാറ പഞ്ചായത്തിൽ ഭൂതത്താൻകെട്ടിൽ പെരിയാർവാലി കാച്ച്മെന്‍റ് ഏരിയയിലെ ബണ്ട് പൊളിച്ചുനീക്കി. ബണ്ട് അനധികൃത നിർമിതിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കാച്ച്മെന്‍റ് ഏരിയയുടെ ഇരു വശവും വനംവകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള വനഭൂമിയും അക്വേഷ്യ പ്ലാന്‍റേഷനുമാണ്. കാച്ച്മെന്‍റ് ഏരിയയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വെള്ളക്കെട്ടിലൂടെ മറുകര കടക്കാൻ ചെറിയ ഒരു ബണ്ട് നിലവിലുണ്ടായിരുന്നു. വനഭൂമിക്ക് സമീപത്തായി കുടിയേറ്റ ഭൂമിയിലേക്ക് കടക്കുന്നതിനും ഈ ബണ്ട് തന്നെയായിരുന്നു ആശ്രയം. എന്നാൽ വാഹനങ്ങൾ കടത്തികൊണ്ട് പോകുവാൻ ഇതുവഴി കഴിയുമായിരുന്നില്ല. ഇതേത്തുടർന്ന് പെരിയാർ വാലി പഞ്ചായത്ത് അധികാരികളുടെ ഒത്താശയോടെ 50 മീറ്റർ നീളമുള്ള ബണ്ട് അഞ്ച് മീറ്റർ വീതിയാക്കി മാറ്റി മണ്ണിട്ട് ഉയർത്തുകയായിരുന്നു. പ്ലാന്റേഷൻ വഴി കടന്ന് വരുന്ന വാഹനങ്ങൾക്ക് ബണ്ട് വഴി വനത്തിനൂള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കും. ബണ്ട് നിർമാണം പൂർത്തിയായതോടെ ഈ കഴിഞ്ഞ ജനുവരിയിൽ വനം വകുപ്പ് പെരിയാർ വാലി അധികൃതർക്ക് നോട്ടീസ് നൽകുകയും അനധികൃതമായി വനത്തിൽ കടന്ന് അടിക്കാട് വെട്ടിയതിന് കേസ് എടുക്കുകയും ചെയ്തു. നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് രണ്ടാമത് നോട്ടീസ് നൽകുകയും ചെയ്തു. അനധികൃത നിർമാണം സംബന്ധിച്ച് വാർത്തകൾ പുറത്ത് വന്നതോടെ കലക്ടർ ബണ്ട് പൊളിച്ചുനീക്കാൻ നിർദേശം നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് കലക്ടർക്ക് കൈമാറി. നിർമാണം അനധികൃതമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പെരിയാർവാലി അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനിയറെ വിളിച്ചു വരുത്തുകയും രണ്ട് ദിവസിന്നിനകം ബണ്ട് പൊളിച്ചു നീക്കാൻ നിർദേശിക്കുകയും ചെയ്തു. അനധികൃത പ്രവർത്തനങ്ങൾ നടത്തിയതിന് കയ്യേറ്റ ഭൂമി ഉടമകളായ നാല് പേർക്ക് എതിരെ പെരിയാർ വാലി അധികൃതർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.