എറണാകുളം: ഐജി ഓഫീസ് മാര്‍ച്ചില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്. ജില്ലാ കലക്‌ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്ന് ഡിജിപി ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു.
ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് ലാത്തിചാര്‍ജ് നടന്നത്. എല്‍ദോ എബ്രഹാം എംഎല്‍എ, ജില്ലാ സെക്രട്ടറി കെ രാജു തുടങ്ങിയവര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റിരുന്നു. നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ടും മറ്റ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തിലും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി എറണാകുളം ജില്ലാ കലക്‌ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
18 സെക്കന്‍റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നാണ് ജില്ലാ കലക്‌ടറുടെ റിപ്പോര്‍ട്ട്. കാര്യമായ ബലപ്രയോഗം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ക്രമസമാധാനപാലത്തിനുള്ള സ്വാഭാവിക നടപടി മാത്രമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. കൊച്ചി അസിസ്റ്റന്‍റ് കമ്മിഷണര്‍ ലാല്‍ജി, എസ് ഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെയാണ് സിപിഐ ലാത്തിചാര്ജിന്റെ പേരില്‍ നടപടി ആവശ്യപ്പെട്ടിരുന്നത്.