എറണാകുളം: പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതികളെ ഒക്ടോബര്‍ 26 വരെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവല്‍ സിങ് എന്നിവരെ കാക്കനാട് ജില്ല ജയിലിലും മൂന്നാം പ്രതി ലൈലയെ ജില്ല വനിത ജയിലിലേക്കുമാണ് അയച്ചത്.
എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും രണ്ടാം പ്രതി ഭഗവല്‍ സിങ്ങും മുഖം മറച്ച് കോടതിയിലെത്തിയപ്പോള്‍ മൂന്നാം പ്രതി ലൈല കൂസലില്ലാതെ മുഖം മറയ്ക്കാതെയാണ് എത്തിയത്.
പ്രതികള്‍ പൊലീസിനോട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. നരബലിക്കുശേഷം കൊല്ലപ്പെട്ടവരുടെ മാംസം പ്രതികളായ ദമ്പതികൾ ഭക്ഷിച്ചു. ആയുരാരോഗ്യത്തിനുവേണ്ടി മനുഷ്യമാംസം ഭക്ഷിക്കാൻ നിർദേശിച്ചത് മുഹമ്മദ് ഷാഫിയാണ്. ഇന്നലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ് ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർ ഞെട്ടിക്കുന്ന പ്രവൃത്തി തുറന്നുപറഞ്ഞത്.
മറ്റൊരു സ്ത്രീയേയും ഷാഫി നരബലിക്ക് എത്തിച്ചിരുന്നു. ഈ സ്ത്രീ ഇലന്തൂര്‍ എത്തിയ ശേഷം ബന്ധുക്കളെ വിളിച്ച് എവിടെയാണ് ഉള്ളതെന്ന് അറിയിച്ചു. ഇതോടെ ഇവര്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിടിക്കപ്പെടുമെന്ന് കരുതിയാണ് ശ്രമം ഉപേക്ഷിച്ചത്. ഇതുകൂടാതെ കുട്ടികള്‍ ഉള്‍പ്പെട്ട മറ്റൊരു കുടുംബത്തെയും നരബലിക്കായി ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്‍റെ വീട്ടിലെത്തിച്ചതായി പൊലീസ് പറയുന്നു.
സ്‌ത്രീകളെ കൊന്നത് ദേവീ പ്രീതിക്കായെന്നു റിമാൻഡ് റിപ്പോർട്ട്: രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയത് ദേവീ പ്രീതിക്കായെന്ന് റിമാൻഡ് റിപ്പോർട്ട്. മൃതദേഹം 56 കഷണങ്ങളാക്കി മുറിച്ച് ബക്കറ്റിലാക്കി കുഴിച്ചിട്ടു. കൊലപാതകങ്ങൾ നടത്തിയത് സാമ്പത്തിക ഉന്നതിക്കും, ഐശ്വര്യത്തിനും വേണ്ടിയായിരുന്നു. റോസ്‌ലിയെ കൊന്നത് ലൈലയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇലന്തൂരിലെ വീട്ടിൽ വച്ച് പത്മയും പ്രതികളുമായി തർക്കം ഉണ്ടായതായും പത്മയെ കൊന്നത് ഷാഫിയാണെന്നും സ്‌ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കുത്തി മുറിവേൽപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്.
നരബലിക്കേസിലെ പ്രതികൾക്കായി ബി എ ആളൂർ: ഇലന്തൂർ നരബലിക്കേസിലെ പ്രതികൾക്കായി പ്രമുഖ അഭിഭാഷകൻ ബി എ ആളൂർ ഹാജരായി. പ്രതികളായ ഇലന്തൂർ മണ്ണപ്പുറം ആഞ്ഞിലിമൂട്ടിൽ വൈദ്യൻ ഭഗവൽ സിങ് (60), ഭാര്യ ലൈല(50), സ്ത്രീകളെ കടത്തിക്കൊണ്ടുപോയ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്നിവരുടെ വക്കാലത്താണ് അഡ്വ. ആളൂർ ഏറ്റെടുത്തിരിക്കുന്നത്.
ഇന്ന് (ഒക്‌ടോബർ 11) രാവിലെയാണ് ഇദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ വധക്കേസ്, ട്രെയിൻ യാത്രയ്ക്കിടെ ക്രൂരമായി കൊലചെയ്യപ്പെട്ട പാലക്കാട് സൗമ്യ കേസ് എന്നിവയിലെ പ്രതികൾക്കു വേണ്ടി ഹാജരായതും അഡ്വ. ആളൂരാണ്.