എറണാകുളം : സംസ്ഥാനത്ത് ബിജെപിയുടെ (BJP) വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണ് പിപി മുകുന്ദനെന്ന് (P P Mukundan) പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). കേരളത്തിന്‍റെ പൊതുരംഗത്ത് നികത്താനാവാത്ത നഷ്‌ടമാണ് അദ്ദേഹത്തിന്‍റെ വിയോഗം. പി പി മുകുന്ദന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചതായും കെ സുരേന്ദ്രന്‍ പറഞ്ഞു.
പി പി മുകുന്ദന്‍ അടിയന്തരാവസ്ഥ കാലത്ത് (Emergency Period) ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ബിജെപിക്കും (BJP) ആർഎസ്എസിനും (RSS) കേരളത്തിൽ വലിയ സ്വാധീനം ഇല്ലാത്ത കാലത്ത് ഇവയെ മികച്ച സംഘടനകളാക്കി മാറ്റുന്നതിൽ അദ്ദേഹം നടത്തിയ പരിശ്രമം എക്കാലത്തും ഓർമ്മിക്കപ്പെടും. കഴിവുറ്റ നിരവധി നേതാക്കളെ ഉന്നത സ്ഥാനത്തെത്തിക്കാൻ ഇടപെടല്‍ നടത്തിയ നേതാവായിരുന്നു അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു (Homage To PP Mukundan).
സംസ്ഥാനത്ത് യുവനേതാക്കളെ വാർത്തെടുത്തതും സംഘടനയുടെ അടിത്തറ വർധിപ്പിച്ചതും പിപി മുകുന്ദന്‍റെ പ്രവർത്തന മികവാണ്. ഇന്ന് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലുള്ളവരില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്‍റെ കാലത്ത് സംഘടനാപ്രവർത്തനം ആരംഭിച്ചവരാണ്. വ്യക്തിപരമായി വളരെ അടുപ്പവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്ന അദ്ദേഹം എന്നും ഒരു പ്രചോദനമായിരുന്നു.
ശക്തമായ നിലപാടുകളെടുക്കുമ്പോഴും രാഷ്‌ട്രീയത്തിനതീതമായ വ്യക്തിബന്ധം പുലർത്താൻ പിപി മുകുന്ദന് സാധിച്ചു. കലുഷിതമായ രാഷ്‌ട്രീയ സാഹചര്യങ്ങളിലും സമചിത്തതയോടെ പെരുമാറി. കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്‍റെ ഇടപെടൽ ശ്രദ്ധേയമായിരുന്നെന്നും കെ.സുരേന്ദ്രൻ അനുസ്‌മരിച്ചു.
അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന് നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ബിജെപി, സംഘപരിവാർ സംഘടന നേതാക്കൾ ഉൾപ്പടെ നിരവധി പ്രമുഖരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. എറണാകുളം എംപി ഹൈബി ഈഡൻ ഉൾപ്പടെ ഭാസ്‌കരീയത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.
പൊതുദർശനം പൂർത്തിയായ ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം, വ്യാഴാഴ്‌ച (14.09.2023) വൈകുന്നേരം നാലുമണിയോടെ മണത്തണ കുടുംബ ശമ്ശാനത്തിൽ സംസ്‌കരിക്കും. കേരളത്തിൽ ബിജെപി നേതാക്കളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു പി പി മുകുന്ദനെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്‌ണനും അനുസ്‌മരിച്ചു. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ നിർണായ പങ്കാണ് അദ്ദേഹം വഹിച്ചത്.
കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ സമുദായങ്ങളുമായും നല്ല ബന്ധമാണ് അദ്ദേഹം സൂക്ഷിച്ചതെന്നും എ എൻ രാധാകൃഷ്‌ണൻ പറഞ്ഞു. ഭാരതീയ ജനത പാർട്ടിയുടെ ഏറ്റവും ശക്തനായ സംഘടന സെക്രട്ടറിയായിരുന്നു പി പി മുകുന്ദനെന്ന് കെ എസ് രാധാകൃഷ്‌ണൻ പറഞ്ഞു. സംഘടനാസംവിധാനം ശക്തമാക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.
അദ്ദേഹം വളർത്തിക്കൊണ്ടുവന്നവരാണ് ഇന്ന് പാർട്ടിയെ നയിക്കുന്നത്. സ്വാഭാവികമായൊരു അഭിപ്രായ വ്യത്യാസം മാത്രമാണ് അദ്ദേഹത്തിന് പാർട്ടിയുമായി ഇടക്കാലത്ത് ഉണ്ടായതെന്നും കെ എസ് രാധാകൃഷ്‌ണൻ പറഞ്ഞു. ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പിപി മുകുന്ദൻ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ എട്ടേകാലോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ബിജെപി മുൻ സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിയായിരുന്ന പി പി മുകുന്ദൻ, കേരളത്തിലെ ഏറ്റവും പ്രമുഖനായ സംഘപരിവാർ നേതാക്കളിലൊരാളാണ്. ക്ഷത്രീയ സംഘടന ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ 60 വർഷത്തോളമായി പൊതുരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വവുമാണ്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ 1961 മുതൽ അദ്ദേഹം ആർഎസ്എസ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
നാല് പതിറ്റാണ്ട് മുമ്പ് തന്നെ ബിജെപിയുടെ സംഘടനാപ്രവർത്തനം ശക്തമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു. പതിനാറ് വര്‍ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പി പി മുകുന്ദൻ ദക്ഷിണേന്ത്യ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തന്ത്രങ്ങൾ മെനയുന്നതിൽ ഉൾപ്പടെ പ്രത്യേക പാടവം പി പി മുകുന്ദനുണ്ടായിരുന്നു.
ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പത്ത് വർഷത്തോളം അദ്ദേഹം സംഘടന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. ബിജെപി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ആയതോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം അവസാനിപ്പിച്ചത്.
കണ്ണൂര്‍ കൊട്ടിയൂരിന് സമീപം മണത്തണ നടുവില്‍ വീട്ടില്‍ കൃഷ്‌ണന്‍ നായരുടെയും കല്യാണി അമ്മയുടെയും മകനായി 1946 ഡിസംബര്‍ ഒന്നിനാണ് അദ്ദേഹം ജനിച്ചത്.