എറണാകുളം: ഡോ വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഓഗസ്‌റ്റ് 17ലേക്ക് മാറ്റി. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാരൻ സാവകാശം തേടി. മകളുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ കെ ജി മോഹൻദാസാണ് ഹൈക്കോടതിയെ സമീപിച്ചത്.
പൊലീസ് ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിൽ പൊലീസിന് താൽപര്യമില്ലെന്നുമാണ് ഹർജിയിലെ ആരോപണം. അന്വേഷണത്തിൽ പൊലീസിന് ഉദാസീനതയുണ്ടെന്നും ഇതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു.
കേസിലെ ഏകപ്രതി സന്ദീപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതിയെ അന്നേദിവസം തന്നെ അറസ്‌റ്റ് ചെയ്‌തു. എല്ലാ ശാസ്ത്രീയതയോടെയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
കേസിനാസ്‌പദമായ സംഭവം ഇങ്ങനെ: മെയ് 10ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ്, ഡ്യൂട്ടിയിലുണ്ടായിരുന്ന കോട്ടയം സ്വദേശിനി ഡോ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. ചികിത്സയ്ക്കിടെ സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ചായിരുന്നു പ്രതി സന്ദീപ് കൃത്യം നടത്തിയത്.
തുടര്‍ന്ന് വന്ദനയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലും നെഞ്ചിലും 20 ലധികം തവണ കുത്തേറ്റായിരുന്നു വന്ദന കൊല്ലപ്പെട്ടത്. വന്ദനയുടെ മരണത്തെ തുടര്‍ന്ന് ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്‌ടര്‍മാരുടെ സംഘടനകളുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്താകമാനം പണിമുടക്കി പ്രതിഷേധിച്ചിരുന്നു.
പണം ജീവന് പകരമാവില്ലെന്ന് കോടതി: അതേസമയം, പണം ജീവന് പകരമാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഡോക്‌ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം. പണം ജീവനു പകരമുള്ള നഷ്‌ടപരിഹാരമല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
എത്ര പണം നൽകിയാലും മനുഷ്യ ജീവന് പകരമാകില്ലെന്ന് ജസ്‌റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവർ അഭിപ്രായപ്പെട്ടു. ഡോക്‌ടർ വന്ദനയുടെ കുടുംബത്തിന് 25 ലക്ഷം രൂപ എക്‌സ് ഗ്രേഷ്യ ഇനത്തിൽ നൽകുന്ന കാര്യം സർക്കാർ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിക്കൊണ്ടാണ് ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചത്.
ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തില്‍ പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ല എന്നാണ് ഫോറന്‍സിക് പരിശോധന ഫലം വ്യക്തമാക്കുന്നത്. സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും പ്രതി ആക്രമണം നടത്തുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഫോറന്‍സിക് പരിശോധന ഫലം കോടതിക്ക് കൈമാറിയിട്ടുണ്ട്. പ്രതി സന്ദീപിന്‍റെ രക്തം, മൂത്രം എന്നിവ പരിശോധിച്ചതില്‍ മദ്യത്തിന്‍റെയോ മറ്റ് ലഹരി വസ്‌തുക്കളുടെയോ സാന്നിധ്യം കണ്ടെത്താനായില്ല.