എറണാകുളം: അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷാ വിധി നടപ്പാക്കുന്നതിനെതിരെ പ്രതികൾ നൽകിയ അപ്പീലില്‍ ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാരിന്‍റെ നിലപാട് തേടി. ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ. ഹർജി കോടതി മേയ് 25ന് വീണ്ടും പരിഗണിക്കും.
ആള്‍ക്കൂട്ട മര്‍ദനം ഒടുവിലത്തെ ആവട്ടെ: കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് മണ്ണാർക്കാട്ടെ എസ് സി എസ് ടി പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പ്രതികളുടെ പിഴത്തുകയിൽനിന്ന് പകുതി മധുവിന്‍റെ അമ്മയ്ക്ക് നൽകാനും കോടതി നിർദേശിച്ചിരുന്നു. ആൾക്കൂട്ട മർദനം കേരളത്തിൽ അവസാനത്തെയാവട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഭക്ഷണത്തിന് അരി മോഷ്‌ടിച്ചെന്നാരോപിച്ചു നടന്ന ആൾക്കൂട്ട വിചാരണയ്ക്കിടെ മർദനമേറ്റ മധു 2018 ഫെബ്രുവരി 22-നാണ് കൊല്ലപ്പെട്ടത്. അട്ടപ്പാടി കാട്ടിലെ ഗുഹയിൽനിന്ന് ഒരുകൂട്ടം ആളുകൾ മധുവിനെ പിടികൂടി മുക്കാലിയിൽ കൊണ്ടുവന്ന് ആൾക്കൂട്ട വിചാരണനടത്തി മർദിച്ചു. തുടർന്ന് മധു കൊല്ലപ്പെട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്.
പ്രതികള്‍ക്ക് ശിക്ഷ: അതേസമയം, കേസിലെ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും 1,18,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഒന്നാംപ്രതി മേച്ചേരിയില്‍ ഹുസൈന് ഏഴ് വര്‍ഷം കഠിന തടവും 1,0500 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 16-ാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ.
മുനിര്‍ റിമാന്‍ഡ് കാലയളവില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ മുനിര്‍ ഇനി അനുഭവിക്കേണ്ടതില്ലെന്ന് കോടതി വിധിച്ചു. മണ്ണാര്‍കാട് പട്ടികജാതി പട്ടികവര്‍ഗ സ്‌പെഷ്യല്‍ കോടതി ജഡ്‌ജി കെ എം രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളില്‍ ആയുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
കേസിലെ 4,11 പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ട് ഏപ്രില്‍ നാലിന് കോടതി ഇവരെ മോചിപ്പിച്ചിരുന്നു. പ്രതികളെ തമ്പാനൂര്‍ ജയിലിലേയ്‌ക്കാണ് മാറ്റിയത്. കേസില്‍ കൂറുമാറിയവര്‍ക്ക് എതിരെ ഇവര്‍ നേടിയ സ്‌റ്റേ നീങ്ങുന്നത് അനുസരിച്ച് നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 304(2) വകുപ്പ് പ്രകാരം ആസൂത്രിതമല്ലാത്ത നരഹത്യയായിരുന്നു 13 പ്രതികള്‍ക്കെതിരെയും ജഡ്‌ജി കെ എം രതീഷ് കുമാര്‍ ചുമത്തിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 326, 367 പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമത്തിലെ 31ഡി തുടങ്ങിയ ഉയര്‍ന്ന ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളും ചുമത്തിയാണ് വിധി. നാലാം പ്രതി കുക്കുപ്പടി കുന്നത്ത് വീട്ടില്‍ അനീഷ്, 11-ാം പ്രതി മുക്കാലിയില്‍ ചോലയില്‍ അബ്‌ദുള്‍ കരീം എന്നിവരെ വെറുതെ വിട്ടിരുന്നു. മധുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി എന്നതാണ് അനീഷിന് എതിരെയുള്ള ആരോപണം.
അപ്പീല്‍ നല്‍കാന്‍ മധുവിന്‍റെ കുടുംബം: മുക്കാലിയില്‍ വച്ച് മധുവിനെ അധിക്ഷേപിച്ചുവെന്നായിരുന്നു അബ്‌ദുള്‍ കരീമിനെതിരെയുള്ള പ്രോസിക്യൂഷന്‍ ആരോപണം. എന്നാല്‍, 16 പേരെയും ശിക്ഷിക്കാത്ത നടപടിയില്‍ യോജിപ്പില്ലെന്നും അപ്പീലുമായി മുന്നോട്ടുപോകുമെന്നും മധുവിന്‍റെ കുടുംബം പറഞ്ഞിരുന്നു.