എറണാകുളം: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ വിവാദ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ ഹാജരായ കേസിൽ മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് തിരിച്ചെടുത്ത് ഹൈക്കോടതി. ഉത്തരവ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ നൽകിയ ഹർജി അനുവദിച്ചു കൊണ്ടാണ് കോടതിയുടെ അസാധാരണ നടപടി.
ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ അഡ്വ.സൈബി ജോസ് കിടങ്ങൂർ ഹാജരായ ഹർജിയിൽ 2022 ഏപ്രിൽ 29ന് പത്തനംതിട്ട സ്വദേശികളായ പ്രതികൾക്ക് ഹൈക്കോടതി സിംഗിൾ ബഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പട്ടിക ജാതി പട്ടിക വർഗ പീഡനം തടയൽ നിയമ പ്രകാരമെടുത്ത കേസിൽ പരാതിക്കാരനെ കേൾക്കാതെയായിരുന്നു കോടതിയുടെ അസ്വാഭാവിക നടപടി.
നോട്ടീസ് അയക്കാൻ കോടതി നിർദേശം നൽകിയിരുന്നെങ്കിലും ഇത് ലഭിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ കോടതിയെ സമീപിച്ചതോടെയാണ് ഉത്തരവ് ജസ്റ്റിസ് സിയാദ് റഹ്മാൻ പിൻവലിച്ചത്. പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് മുൻപ് പരാതിക്കാരെ കേൾക്കണമെന്നാണ് നിയമം.
READ MORE: ജഡ്‌ജിയുടെ പേരിൽ കോഴ; കൈപറ്റിയത് 75 ലക്ഷം, ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തല്‍
എന്നാൽ ഇവിടെ പരാതിക്കാരനെ കേട്ടില്ലെന്ന് മാത്രമല്ല വാദത്തിനായി നിശ്ചയിച്ചിരുന്ന തീയതിക്ക് മുന്നേ മുൻകൂർ ജാമ്യം നൽകി ഹർജി തീർപ്പാക്കുകയും ചെയ്‌തു. പത്തനംതിട്ട റാന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലെ പരാതിക്കാരനായ ടി. ബാബു അടക്കമുള്ളവരായിരുന്നു പ്രതികളുടെ മുൻകൂർ ജാമ്യ ഉത്തരവ് തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.
READ MORE: ജഡ്‌ജിയുടെ പേരിൽ കൈക്കൂലി : അഡ്വ സൈബി ജോസിനെ ചോദ്യം ചെയ്‌ത് പൊലീസ്
പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതിൽ കോഴയാരോപണം ചൂണ്ടിക്കാട്ടി പരാതിക്കാർ ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർക്ക് നേരത്തെ പരാതിയും നൽകിയിരുന്നു. സൈബി ജോസ് കിടങ്ങൂരിനെതിരായ അന്വേഷണത്തിൽ വിജിലൻസ് വിഭാഗത്തിനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും ഇവർ മൊഴിയും നൽകിയിരുന്നു.