എറണാകുളം: അനധികൃത ഫ്ലക്‌സുകള്‍ക്കും ഹോര്‍ഡിങുകള്‍ക്കുമെതിരെ ഹൈക്കോടതി ഇടപെടൽ. ഏഴ് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ അനധികൃത ഫ്ലക്‌സുകളും ഹോർഡിങുകളും നീക്കം ചെയ്യണം. അല്ലാത്ത പക്ഷം പ്രിന്‍റിങ് ഏജൻസികൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
നോട്ടിസ് നൽകിയാൽ ഏഴ് ദിവസത്തിനകം പ്രിന്‍റിങ് ഏജൻസികൾ ഹോർഡിങുകൾ നീക്കം ചെയ്യണമെന്നും ഇത് പാലിച്ചില്ലെങ്കിൽ ശാസ്ത്രീയമായ രീതിയിൽ ബോർഡുകൾ നശിപ്പിച്ചതിന് ശേഷം കേസെടുക്കണം. പ്രിന്‍റിങ് സ്ഥാപനത്തിൽ നിന്ന് തുക തിരിച്ചുപിടിക്കാനുമുള്ള നടപടികൾ സ്വീകരിണം. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം നിർദേശിച്ചത്. നേരത്തെ തന്നെ അനധികൃത ഫ്ലക്‌സ് ബോർഡുകൾ നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നതാണ്. മഴക്കാലത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് കർശന നിർദേശം നൽകുന്നതെന്നും കോടതി ഓർമിപ്പിച്ചു.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിന്ത്രണം ഏര്‍പ്പെടുത്തി കോടതി: ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പാതയോരങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റോഡിന്‍റെ വശങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും മാറ്റണമെന്ന് സര്‍ക്കാരിന് നേരത്തെ തന്നെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ഏജന്‍സികളോടും കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഇല്ലാതെ പരിപാടികളുടെ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കരുത്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ ചുമതലയുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രനായിരുന്നു ഉത്തരവിറക്കിയത്. പത്ത് ദിവസത്തിനകം വ്യവസായ വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വ്യവസായ വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലം അനുകൂലിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെ, അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാര്‍ നിസംഗത കാണിക്കുന്നുവെന്ന് കോടതി: കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ഫ്ലക്‌സ് ബോര്‍ഡുകളുടെ എണ്ണം വര്‍ധിക്കുന്നുെവന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടികാണിച്ചിരുന്നു. പാതയോരങ്ങളിലെ അനധികൃത ഫ്ലക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യാനായി നിരവധി ഉത്തരവുകള്‍ ഇറക്കിയിട്ടും സര്‍ക്കാര്‍ നിസംഗത കാട്ടിയതോടെയായിരുന്നു വിഷയത്തില്‍ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ക്ഷമ ദൗര്‍ബല്യമായി കാണരുതെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയ കോടതി, അനധികൃത ബോര്‍ഡ് വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ വ്യവസായ സെക്രട്ടറിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആളുകള്‍ കേബിളുകളില്‍ കുടുങ്ങി മരിക്കുമെന്നല്ലാതെ ഒന്നും നടക്കില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. മാറ്റിയ പഴയ ബോര്‍ഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിയെ കോടതി അറിയിച്ചു.
അനധികൃത ബോര്‍ഡുകള്‍ മാറ്റാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും കോടതി വിമര്‍ശന സ്വരത്തില്‍ പറഞ്ഞു. അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനായി തദ്ദേശ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.