എറണാകുളം: സംസ്ഥാനത്തെ ഫ്ലക്സ് നിരോധനം ഫല പ്രദമാകാത്ത സാഹചര്യത്തില്‍ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ആത്മാര്‍ഥത വേണം എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. റോഡ് സുരക്ഷാ അതോറിറ്റിക്കാണ് നിയമം നടപ്പാക്കാന്‍ കൃത്യമായ അധികാരമുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
റോഡിന്‍റെ മധ്യത്തിലുള്ള മീഡിയനുകളില്‍ ഫ്ലക്‌സ് വയ്ക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. ലോകത്തൊരിടത്തും നടുറോഡിലെ മീഡിയനുകളില്‍ ഫ്ലക്‌സ് സ്ഥാപിക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. റോഡിന്റെ മധ്യത്തിൽ ഫ്ലക്‌സ് വയ്ക്കുന്നവര്‍ അതുമൂലം ഉള്ള അപകടം എന്തുകൊണ്ട് മനസിലാക്കുന്നില്ലെന്നും ഫ്ലക്‌സ് സ്ഥാപിക്കുന്നത് തടയാന്‍ അധികൃതര്‍ ഇടപെടണമെന്നും കോടതി നിർദ്ദേശിച്ചു.