എറണാകുളം : വധശ്രമക്കേസിലെ ശിക്ഷാവിധിക്കെതിരായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ നല്‍കിയ അപ്പീലിൽ വിശദ വാദം കേൾക്കണമെന്ന് ഹൈക്കോടതി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരന് അനുമതി ലഭിച്ചു. പ്രോസിക്യൂഷനോട് നിലപാടുതേടി പ്രതികളുടെ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കാന്‍ മാറ്റിവച്ചു.
2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുഹമ്മദ് ഫൈസലിന് കവരത്തി സെഷൻസ് കോടതി 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷാവിധി നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന ഹർജിക്കാരന്‍റെ ആവശ്യത്തിൽ വിശദമായ വാദം കേൾക്കാനാണ് കോടതി തീരുമാനം. ഇന്നലെ കവരത്തി കോടതി ശിക്ഷ വിധിച്ചതിനുപിന്നാലെ മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.
തെളിവുകൾ പക്ഷപാതപരമാണ്, ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല, വധശ്രമവകുപ്പ് ചുമത്താൻ തക്ക രീതിയിൽ ജീവഹാനിക്ക് കാരണമാകുന്ന പരിക്കുകൾ ഉണ്ടായിട്ടില്ല, കേസ് ഡയറിയിലെ വൈരുധ്യങ്ങള്‍ കീഴ്‌ക്കോടതി മുഖവിലയ്‌ക്കെടുത്തില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചാണ് അപ്പീൽ. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ഒരു ഷെഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. മുൻ കേന്ദ്രമന്ത്രി പി.എം സെയ്‌ദിന്‍റെ മരുമകനാണ് ആക്രമിക്കപ്പെട്ടത്.
കേസിൽ ആകെ 32 പേരായിരുന്നു പ്രതികൾ. അതിൽ എംപി മുഹമ്മദ് ഫൈസലിന്‍റെ സഹോദരനുൾപ്പടെ നാല് പേരെ 10 വർഷം തടവിന് കവരത്തി കോടതി ശിക്ഷിച്ചു.