എറണാകുളം : കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ രാത്രി നിയന്ത്രണത്തിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. വിദ്യാർഥിനികളെ എത്ര നേരം പൂട്ടിയിടുമെന്ന് കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്ന ജഡ്‌ജിന് പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ടാണ് നിയന്ത്രണം എതിർക്കുന്നതെന്ന തരത്തില്‍ വിമർശനം കണ്ടുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
തന്‍റെ അടുത്ത ബന്ധുക്കൾ ആയ പെൺകുട്ടികൾ ഡൽഹിയിൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നുണ്ട്. അവിടെ നിയന്ത്രണം ഒന്നും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശനസ്വരത്തില്‍ പറഞ്ഞു. രാത്രി സമയ നിയന്ത്രണത്തിനെതിരെ വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം.
പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം വേണം എന്ന് എങ്ങനെ പറയാൻ ആകും. ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്നും കോടതി ചോദിച്ചു. എന്തിനാണ് ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്.
രാത്രി 9.30 കഴിഞ്ഞാൽ മല ഇടിഞ്ഞുവീഴുമോ. നഗരം സുരക്ഷിതമാക്കുകയാണ് വേണ്ടത്. ക്യാമ്പസ് എങ്കിലും സുരക്ഷിതമാക്കാൻ സർക്കാരിന് ബാധ്യത ഉണ്ടെന്നും കോടതി ഓർമിപ്പിച്ചു. മാതാപിതാക്കളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സമയനിയന്ത്രണം ഇല്ലാത്ത ഹോസ്റ്റലുകൾ സംസ്ഥാനത്തുണ്ടെന്നും, ഇവിടുത്തെ കുട്ടികൾക്ക് മാതാപിതാക്കൾ ഇല്ലേ എന്നും കോടതി മറുചോദ്യമുയർത്തി. പെൺകുട്ടികൾക്കും ഈ സമൂഹത്തിൽ ജീവിക്കണമെന്ന് കോടതി ആവര്‍ത്തിച്ചു.
സർക്കാരിനെ കോടതി കുറ്റപ്പെടുത്തില്ല. എല്ലാ രക്ഷിതാക്കൾക്കും പെൺകുട്ടികളെ പൂട്ടിയിടണം എന്നാണെങ്കിൽ സർക്കാരിന് എന്ത് ചെയ്യാനാകും. രാത്രിയെ ഭയക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
ആൺകുട്ടികൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം പെൺകുട്ടികൾക്കുമുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സമയനിയന്ത്രണത്തെ അനുകൂലിക്കുന്നില്ലെന്ന് ആരോഗ്യ സര്‍വകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ സാഹചര്യം പരിശോധിച്ച് പുതിയ ഉത്തരവിറക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കി.