എറണാകുളം: സംസ്ഥാനത്ത് മാലിന്യ സംസ്‌കരണം നിരീക്ഷിക്കാൻ സമിതികളെ നിശ്ചയിച്ച് ഹൈക്കോടതി. എറണാകുളം, തൃശൂര്‍ ജില്ലകള്‍ക്കായി പ്രത്യേക സംവിധാനം ഒരുക്കും. തെക്ക്-വടക്ക് ജില്ലകൾക്കായി രണ്ട് സമിതികളും രൂപീകരിക്കും. ബ്രഹ്മപുരം വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കുവാനായി മാറ്റി.
സംസ്ഥാനത്ത് മാലിന്യ സംസ്‌കരണമടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനാണ് ഹൈക്കോടതി സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചത്. ഇതിനായി ജില്ലകളെ മൂന്നായി തിരിച്ച് നിരീക്ഷണ സമിതികൾ മേൽനോട്ട ചുമതല വഹിക്കും.
മാലിന്യ സംസ്‌കരണം ഫലപ്രദമായി നടത്തണമെന്ന് കോടതി: എറണാകുളം, തൃശൂര്‍ ജില്ലകള്‍ക്കായി പ്രത്യേക സംവിധാനമാണ് ഉണ്ടാകുക. തെക്കന്‍ - വടക്കന്‍ ജില്ലകള്‍ക്കായി രണ്ട് സമിതികളും ഉണ്ട്. മൂന്ന് അമിക്കസ് ക്യൂറിമാരും മാലിന്യ സംസ്‌കരണ വിഷയത്തിൽ നിരീക്ഷണ ചുമതലയിലുണ്ടാകും.
ഇന്ന് കേസ് പരിഗണിക്കവെ സർക്കാർ ഹാജരാക്കാമെന്ന് പറഞ്ഞ രേഖകൾ എവിടെയെന്ന് ജസ്‌റ്റിസുമാരായ എസ്.വി ഭാട്ടി, ബസന്ത് ബാലാജി എന്നിവരുൾപെട്ട ഡിവിഷൻ ബഞ്ച് ചോദ്യമുയർത്തി. ലഭ്യമായ വിവരങ്ങള്‍ ഇന്നു തന്നെ കൈമാറാമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി മറുപടിയും നൽകിയിരുന്നു. ഉറവിട മാലിന്യ സംസ്‌കരണമടക്കം ഫലപ്രദമായി നടത്തണമെന്നും കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിനായി സർക്കാർ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും വേണം.
കഴിഞ്ഞ ദിവസം ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണല്‍ 100 കോടി രൂപ പിഴയിട്ടിരുന്നു. പാരിസ്ഥിതിക നഷ്‌ടപരിഹാരം ചൂണ്ടിക്കാട്ടിയായിരുന്നു ഹരിത ട്രിബ്യൂണലിന്‍റെ നടപടി. തീപിടിത്തം ഉണ്ടായിട്ടും കൊച്ചി കോര്‍പ്പറേഷന്‍ കൃത്യവിലോപം തുടര്‍ന്നു എന്ന് നടപടി സ്വീകരിച്ചുകൊണ്ടുള്ള കുറിപ്പില്‍ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി.
തീപിടിത്തത്തെ തുടര്‍ന്ന് ട്രിബ്യൂണല്‍ സ്വമേധയ കേസെടുത്തിരുന്നു. എം കെ ഗോയല്‍ അധ്യക്ഷനായ ട്രിബ്യൂണലിന്‍റെ ബെഞ്ചിന്‍റേതായിരുന്നു ഉത്തരവ്. ഒരാഴ്‌ചയ്‌ക്കുള്ളില്‍ തന്നെ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പിഴയടക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്.
പിഴത്തുക തീപിടിത്തവുമായ ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍: എന്നാല്‍, കോര്‍പ്പറേഷന് ഉത്തരവിനെ നിയമപരമായി മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്യുവാന്‍ സാധിക്കും. ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ കോര്‍പ്പറേഷന്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചേക്കും. കോര്‍പ്പറേഷന്‍ പിഴയടക്കുന്ന തുക തീപിടിത്തവുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ബ്യൂറോ അറിയിച്ചു.
അതേസമയം, തീപിടിത്തമുണ്ടായപ്പോള്‍ തീ അണയ്‌ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച ഉണ്ടായതായി ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ 500 കോടി രൂപ പിഴ ഈടാക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ദേശീയ ഹരിത ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ട്രിബ്യൂണലിന്‍റെ മുന്നറിയിപ്പ്: സര്‍ക്കാരിന്‍റെ പരാജയമാണ് മാലിന്യ പ്ലാന്‍റിലെ തീകെടുത്താനുണ്ടായ കാലതാമസമെന്ന് ട്രിബ്യൂണല്‍ അഭിപ്രായപ്പെട്ടിരുന്നു. ബ്രഹ്മപുരം പ്ലാന്‍റുമായ ബന്ധപ്പെട്ട് ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതും ഇത് പരിഗണിക്കാതിരുന്നതും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ജില്ലയിലുണ്ടായ പ്രതിസന്ധി ഒഴിഞ്ഞത് 13 ദിവസത്തിന് ശേഷമായിരുന്നു.
തീപിടിത്തത്തില്‍ ടണ്‍ കണക്കിന് മാലിന്യം കത്തിയതിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ വിഷപ്പുക പടര്‍ന്നിരുന്നു. ഇത് മനുഷ്യനും പ്രകൃതിയ്‌ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്ന് വിദഗ്‌ധര്‍ വിലയിരുത്തിയിരുന്നു.