എറണാകുളം: സ്വർണ്ണക്കടത്ത് കേസിലെ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സർക്കാരിന് വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ.രാംകുമാർ ഹാജരാകും. അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ പി. വിജയകുമാറാണ് കസ്റ്റംസിനായി ഹാജരാകുക. സ്വർണക്കടത്ത് കേസിൽ സുപ്രധാന പങ്കുള്ള സ്വപ്‌ന സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിനാല്‍ ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന നിലപാടായിരിക്കും കസ്റ്റംസ് സീകരിക്കുക.
അതേസമയം സ്വർണ്ണക്കടത്തിൽ ബന്ധമില്ലെന്നാണ് സ്വപ്‌ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നത്. 2016 മുതൽ യുഎഇ കോൺസുലേറ്റിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. 2019ൽ ജോലി മതിയാക്കിയെങ്കിലും യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സൗജന്യമായി തന്‍റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. നിലവില്‍ ആക്‌ടിങ് കോണ്‍സുലേറ്റ് ജനറലായി പ്രവര്‍ത്തിക്കുന്ന റാഷിദ് ഖാമിസ് അല്‍ ഷമെയ്‍ലി തനിക്ക് വന്ന കാര്‍ഗോ വൈകുന്നതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനായി തന്നെ ഏൽപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കസ്റ്റംസിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്.
തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കോൺസുലേറ്റിൽ നിന്നും ഹാജരാക്കിയ എക്‌സ്‌പീരിയന്‍സ് സർട്ടിഫിക്കറ്റ് വ്യാജമല്ല. തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതി ചേർക്കാൻ കസ്റ്റംസ് ശ്രമിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുമ്പിൽ എന്തെങ്കിലും കാര്യങ്ങൾ വെളിപ്പെടുത്താനില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്‌ന പറയുന്നു.