എറണാകുളം : ജില്ല കലക്‌ടർക്കോ അമിക്കസ്ക്യൂറിക്കോ എതിരായി പരസ്യ പ്രസ്‌താവനകൾ നടത്തരുതെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയോട് ഹൈക്കോടതി (Kerala High Court Warns CPM Idukki District Secretary). ശാന്തൻപാറയിലെ പാർട്ടി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ വാക്കാലുള്ള നിർദേശം. മൂന്നാറിൽ റവന്യു വകുപ്പിന്‍റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമാണം തുടർന്ന ഭൂവുടമകളുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
പരസ്യപ്രസ്‌താവന വേണ്ട, താക്കീതുമായി കോടതി : ശാന്തൻപാറയിലെ സിപിഎം പാർട്ടി ഓഫിസ് നിർമാണം (CPM Santhanpara office construction) തടഞ്ഞ കോടതി ഉത്തരവിന്മേൽ നടപടികൾ സ്വീകരിച്ചുവരുന്ന ജില്ല കലക്‌ടർക്കെതിരെയോ, ബന്ധപ്പെട്ട അമിക്കസ്ക്യൂറിക്കെതിരെയോ പരസ്യ പ്രസ്‌താവനകൾ പാടില്ലെന്നാണ് ഹൈക്കോടതി വാക്കാൽ നിർദേശം നൽകിയത്. പരസ്യ പ്രസ്‌താവനകൾ നീതി നിർവഹണത്തിന്മേലുള്ള ഇടപെടലായി കാണേണ്ടി വരുമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്നും കോടതി ഓർമിപ്പിച്ചു. അമിക്കസ്ക്യൂറിക്കെതിരെയടക്കം പാർട്ടി സെക്രട്ടറി സിവി വർഗീസ് (CV Varghese) പരസ്യ പ്രസ്‌താവന നടത്തിയത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ താക്കീത്.
സ്റ്റോപ് മെമ്മോ ലംഘിച്ച് നിർമാണത്തിൽ കോടതി ഉത്തരവ് : അതിനിടെ മൂന്നാറിൽ റവന്യു വകുപ്പിന്‍റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമാണം തുടർന്ന ഭൂവുടമകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വിവരങ്ങൾ വില്ലേജ് ഓഫിസർമാരിൽ നിന്ന് ശേഖരിച്ച് ജില്ല കലക്‌ടർ രണ്ടാഴ്‌ചക്കകം കോടതി മുമ്പാകെ സമർപ്പിക്കണം. സ്റ്റോപ്പ് മെമ്മോ ലംഘിച്ചും മൂന്നാറിൽ നിർമാണ പ്രവർത്തനങ്ങൾ (construction in violation of stop memo in Idukki) നടക്കുന്നുണ്ടെന്ന് അമിക്കസ്ക്യൂറി അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
തുടർന്ന് കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച കോടതി ഓൺലൈൻ മുഖേന കലക്‌ടറോട് ഹാജരാകണമെന്നും നിർദേശം നൽകിയിരുന്നു. ഇതുവരെ കണ്ടെത്തിയ 326 കയ്യേറ്റങ്ങളിൽ 20 എണ്ണം ഒഴിപ്പിച്ചതായും ഭൂസംരക്ഷണ നിയമ പ്രകാരം ചില കയ്യേറ്റങ്ങൾക്കെതിരെ നടപടി തുടങ്ങിയെന്നും കലക്‌ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള സർവെ രണ്ട് മാസത്തിനകം പൂർത്തിയാക്കി തുടർനടപടി സ്വീകരിക്കുമെന്നും കലക്‌ടർ കോടതിയിൽ വ്യക്തമാക്കി.
കയ്യേറ്റം ഒഴിപ്പിക്കാൻ മറ്റൊരു ഉദ്യോഗസ്ഥൻ : കലക്‌ടറുടെ ജോലിത്തിരക്ക് കണക്കിലെടുത്ത് മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾക്കായി മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്ന കാര്യത്തിലും കോടതി സർക്കാരിന്‍റെ നിലപാട് തേടിയിട്ടുണ്ട്. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചിരുന്നു. 16 വർഷമായി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുകയാണെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി. ഇതോടൊപ്പം തന്നെ ഹിമാചൽ പ്രദേശിന് സമാനമായി മൂന്നാർ പോലെയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഏത് തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്താനാകും എന്നത് പഠിക്കുന്നതിനായി ഒരു സമിതി രൂപീകരിക്കണമെന്ന നിർദേശവും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.