എറണാകുളം: കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയതിൽ പ്രയോജനം ഉണ്ടായോ എന്ന് ആരാഞ്ഞ് ഹൈക്കോടതി. ഏതെല്ലാം ഡിപ്പോകളിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കി, ഡ്യൂട്ടി പരിഷ്‌കരണം മൂലമുണ്ടായ നേട്ടങ്ങൾ എന്നിവയുടെ വിശദമായ വിവരം കോടതിയെ അറിയിക്കാന്‍ സിംഗിൾ ബെഞ്ച് കെഎസ്ആർടിസിയ്ക്ക് നിർദേശം നൽകിയിരുന്നു. നിലവിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയതെന്നും പാറശാലയിലെ ദിവസവരുമാനം 30,000 മുതൽ 40,000 രൂപ വരെ കൂടിയെന്നും കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചിട്ടുണ്ട്.
അതിനിടെ പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ എത്ര കെഎസ്ആർടിസി ജീവനക്കാർക്ക് പരിക്ക് പറ്റി, പരിക്ക് എത്രത്തോളം ഉണ്ട്, ജീവനക്കാരുടെ ചികിത്സ ചെലവ് വഹിച്ചത് ആര് തുടങ്ങിയ വിവരങ്ങൾ കൈമാറാനും കോടതി നിർദേശിച്ചു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയാൽ കൂടുതൽ ബസുകൾ ഓടിക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനും സാധിക്കും എന്നാണ് കെഎസ്ആർടിസിയുടെ നിലപാട്.