എറണാകുളം: ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത ടൂറിസ്റ്റ് ബസുകൾക്ക് കേരളത്തിൽ നികുതി പിരിക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി. അന്തർ സംസ്ഥാന ബസുടമകളുടെ ഹർജിയിലാണ് ഉത്തരവ്. നികുതി ഈടക്കാനുള്ള സംസ്ഥാനത്തിന്‍റെ നീക്കം തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത ടൂറിസ്റ്റ് ബസുകൾക്ക് കേരളത്തിൽ നികുതി പിരിവ് തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര നിയമത്തിന്‍റെ അഭാവത്തിൽ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകളിൽ നിന്നും സംസ്ഥാനത്തിന് നികുതി പിരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് നിയമപരമായ അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
നവംബർ 1 മുതൽ കേരളത്തിലേക്ക് വരുന്ന അന്തർ സംസ്ഥാന ബസുകൾ നികുതി അടക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്‌താണ് കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്‌ത അന്തർ സംസ്ഥാന ബസുടമകൾ കോടതിയെ സമീപിച്ചത്. ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും നികുതി അടച്ചാണ് വരുന്നതെന്നുമായിരുന്നു ബസുടമകളുട വാദം.
നികുതി അടക്കുന്നതിനാൽ കേരളത്തിന് മാത്രമായി പ്രത്യേക നികുതി നൽകാനാകില്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് നികുതി പിരിക്കുന്നതിൽ സാങ്കേതികമായി തടസമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.