എറണാകുളം : നവകേരള സദസിന് (Navakerala Sadas) സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് സ്റ്റേ. നവകേരള സദസിനായി സംഘാടകർ ആവശ്യപ്പെടുന്ന പക്ഷം ഇന്ധനച്ചെലവും ഡ്രൈവറുടെ ബാറ്റയും ഈടാക്കിക്കൊണ്ട് സ്‌കൂള്‍ ബസുകൾ വിട്ടുനൽകണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത് (High Court On Using School Bus In Navakerala Sadas). കോടതി അനുമതി ഇല്ലാതെ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കരുതെന്ന് നിർദേശം നൽകിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയത്തിൽ സർക്കാരിനോട് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂള്‍ ബസുകൾ വിദ്യാഭ്യാസേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നിയമം അനുശാസിക്കുന്നുണ്ടോ എന്നതിലടക്കമാണ് സർക്കാർ വിശദീകരണം നൽകേണ്ടത്. കാസർകോട് സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നടപടി.
വിദ്യാർഥിനിയായ തന്‍റെ മകളും മറ്റു കുട്ടികളും സ്‌കൂൾ ബസ് ഉപയോഗിക്കുന്നതാണെന്നും, പ്രവർത്തി ദിവസം ബസ് വിട്ടു നൽകാൻ ഉള്ള നിർദേശം സ്‌കൂളിന്‍റെ പ്രവർത്തനത്തെ ബാധിക്കുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. മാത്രവുമല്ല മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരവും പെർമിറ്റ് പ്രകാരവും സ്‌കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. നിയമവിരുദ്ധമായിറക്കിയ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
പ്രവർത്തി ദിവസങ്ങളിൽ പോലും അധ്യാപകരും മറ്റ് സ്‌കൂൾ ജീവനക്കാരും നവകേരള യാത്രയിൽ നിശ്ചയമായും പങ്കെടുക്കണമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വാക്കാൽ ഉള്ള നിർദേശം നൽകിയിട്ടുണ്ടന്നും, ഇത്തരം നിർദേശങ്ങൾ സ്‌കൂളിന്‍റെ പ്രവർത്തനത്തെയും വിദ്യാർഥികളെയും മോശമായി ബാധിക്കുമെന്നും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം, കണ്ണൂര്‍ പഴയങ്ങാടിയില്‍ നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തില്‍ പ്രതികരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ബസിന് മുന്നിലേക്ക് ചാടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രക്ഷിക്കാനാണ് ഇടത് യുവജനസംഘടന ശ്രമിച്ചതെന്നും മാതൃകാപരമായ പ്രവർത്തനമാണ് ഡിവൈഎഫ്ഐ നടത്തിയതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ജീവൻ അപകടപ്പെടുത്താനെന്ന തരത്തിൽ രണ്ടുപേർ വരുമ്പോൾ ആ ആളുകളെ ബലം പ്രയോഗിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മാറ്റുകയായിരുന്നു. അത് ആക്രമണം ആയിരുന്നില്ല. ബസിന്‍റെ മുന്നിലിരുന്ന ഞാന്‍ അത് നേരില്‍ കാണുകയായിരുന്നു. അവരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത് എന്നുമായിരുന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.