എറണാകുളം: അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. സ്പെഷ്യൽ അരിവിതരണം തുടരാമെന്ന് കോടതി. അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കോടതി നിർദേശം. തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് കോടതി ഇടപെട്ടത്. മുൻഗണനേതര വിഭാഗത്തിന് പതിനഞ്ച് രൂപയ്ക്ക് പത്ത് കിലോ അരി വിതരണം ചെയ്യാനുള്ള തീരുമാനമായിരുന്നു കമ്മിഷൻ തടഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് എടുത്ത തീരുമാനം വോട്ടർമാരെ സ്വാധീനിക്കാനാണെന്ന ആരോപണം ശരിയല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാന ബജറ്റിൽ തന്നെ അരി വിതരണത്തിന് പണം വകയിരുത്തിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തന്നെ ഇത്തരമൊരു തീരുമാനമെടുത്തിരുന്നു എന്ന് സർക്കാർ അറിയിച്ചു. ഇതോടെ കമ്മിഷൻ ഉത്തരവ് കോടതി തടയുകയായിരുന്നു. ഏകദേശം അമ്പത് ലക്ഷത്തിലധികം വരുന്ന കുടുംബങ്ങൾക്ക് അരി വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം.