കൊച്ചി: വാളയാർ കേസിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസിലെ പ്രതികളെ വിട്ടയച്ച പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ പെൺകുട്ടികളുടെ മാതാവ് നൽകിയ അപ്പീലിലാണ് കോടതിയുടെ നടപടി. കൂടാതെ കേസിലെ പ്രതികൾക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
അന്വേഷണ സംഘങ്ങളുടെ കണ്ടെത്തലുകളിൽ വൈരുധ്യമുണ്ടെന്ന് കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പീഡനത്തിന്റെ തെളിവുകളുണ്ടായിട്ടും ഇത് സംബന്ധിച്ച അന്വേഷണങ്ങൾ ഒന്നും തന്നെ നടന്നില്ല. അതിനാൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്ന അന്വേഷണവും പുനർവിചാരണയും വേണം. തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പാലക്കാട് പോക്സോ കോടതിയുടെ വിധി ശരിയല്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. രക്ഷിതാക്കൾക്കോ സർക്കാരിനോ വിധിക്കെതിരെ അപ്പീൽ നൽകാമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കുടുംബം അപ്പീൽ നൽകിയാൽ എതിർക്കേണ്ടതില്ല എന്നതാണ് സർക്കാരിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബർ ഇരുപത്തിയഞ്ചിനാണ് വാളയാർ കേസിലെ പ്രതികളെ പോക്സോ കോടതി കുറ്റവിമുക്തരാക്കിയത്.