എറണാകുളം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസ്, എൻഫോഴ്‌മെന്‍റ് കേസുകളിലാണ് ശിവശങ്കർ മുൻകൂർ ജാമ്യം തേടിയത്. രണ്ട് അന്വേഷണ ഏജൻസികളും മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. എൻഫോഴ്‌മെന്‍റ് ശിവശങ്കറിനെതിരായ തെളിവുകൾ മുദ്രവെച്ച കവറിൽ സമർപ്പിച്ചിരുന്നു.
സ്വർണക്കടത്ത് ഗൂഢാലോചനയിൽ എം.ശിവശങ്കറിന് പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റിന്‍റെ വാദം. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. സ്വർണമടങ്ങിയ കാർഗോ വിട്ട് നൽകാൻ ശിവശങ്കർ ആവശ്യപ്പെട്ടുവെന്ന ഗുരുതരമായ ആരോപണങ്ങളും ഇഡി ഉന്നയിച്ചിരുന്നു. എന്നാൽ ഇഡിയുടെ വാദങ്ങളെ ശിവശങ്കർ നിഷേധിച്ചു. ഇഡി വിചാരണ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പോലും പറയാത്ത കാര്യങ്ങളാണ് ജാമ്യാപേക്ഷയെ എതിർക്കാൻ ഉന്നയിക്കുന്നത്. ഇഡിയുടെ വാദങ്ങൾ പലതും അവർ നൽകിയ കുറ്റപത്രത്തിന് തന്നെ എതിരാണന്ന മറുവാദവും ശിവശങ്കർ ഉയർത്തി.
അതേസമയം മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും തള്ളണമെന്ന വാദവുമാണ് കസ്റ്റംസ് ഉന്നയിച്ചത്. കള്ളപ്പണം വെളുപ്പിക്കുന്നതിന് താൻ സഹായിച്ചിട്ടില്ലെന്നും ശിവശങ്കർ കോടതിയിൽ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. തുടർന്നും സഹകരിക്കുമെന്നും ശിവശങ്കർ അറിയിച്ചു. എന്നാൽ ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് രണ്ട് അന്വേഷണ ഏജൻസികളും കോടതിയിൽ വ്യക്തമാക്കിയത്. രേഖകൾ ഉൾപ്പടെ പരിശോധിച്ചാണ് ഹൈക്കോടതി ഇന്ന് വിധി പറയുക. അതേസമയം ഇന്ന് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചിരുന്നു.