എറണാകുളം: വിസ്‌മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്‌ക്കണമെന്ന കിരണ്‍ കുമാറിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ അലക്‌സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ഹർജി തള്ളിയത്.
കീഴ്‌ക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ വിധി വരുന്നത് വരെ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കിരണ്‍ ഹൈക്കോടതിയെ സമീപിച്ചത്. 2021ജൂൺ 21നാണ് കൊല്ലം സ്വദേശിനിയായ വിസ്‌മയയെ പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്‌മയ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ മെയ് 24നാണ് കീഴ് കോടതി വിധിച്ചത്. പത്ത് വർഷം തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.
അഞ്ച് വകുപ്പുകളിലായി 25 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.