എറണാകുളം : ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയ്‌ക്കെതിരായ വ്യാജ ലഹരിമരുന്ന് കേസ് ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കി. ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീല സണ്ണി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്.
വ്യാജ കേസിൽ 72 ദിവസം ജയിലിൽ : എല്‍ എസ് ഡി സ്റ്റാംപ് കൈവശം വച്ചെന്ന പേരില്‍ എക്‌സൈസ് അറസ്റ്റ് ചെയ്‌ത ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ചാലക്കുടിയിൽ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറും സംഘവും അറസ്റ്റ് ചെയ്‌തത്. ഷീലയുടെ പക്കൽ നിന്ന് 12 എൽ എസ് ഡി സ്റ്റാംപുകൾ കണ്ടെത്തിയെന്നായിരുന്നു കേസ്.
also read : Fake drug case|'അത് ലഹരിമരുന്നല്ല', ഷീല ജയിലിൽ കഴിഞ്ഞത് 72 ദിവസം, കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യം
ഇന്‍റര്‍നെറ്റ് കോളിലൂടെയാണ് സംഭവത്തെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍ സതീശന്‍ അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലുള്ള ഷീലയുടെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നുവെങ്കിലും ഇവര്‍ ഹാജരായില്ല. പിന്നാലെ ഇവരുടെ ഫോണുകള്‍ സ്വിച്ച്ഡ് ഓഫാവുകയായിരുന്നു.
നീതി കിട്ടി, ഇനി വേണ്ടത് കുടുക്കിയവരെ : ബെംഗളൂരുവിലുള്ള ബന്ധുക്കളാണ് തന്നെ കുടുക്കാന്‍ ശ്രമിച്ചത് എന്ന ആരോപണം ഷീല സണ്ണി നേരത്തേ തന്നെ ഉന്നയിച്ചിരുന്നു. തെറ്റ് ചെയ്യാതെ 72 ദിവസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന തനിക്ക് നീതി ലഭിക്കണമെന്നാണ് ഷീല സണ്ണിയുടെ ആവശ്യം. കള്ളക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി വേണമെന്നും ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണി ആവശ്യപ്പെട്ടു.
ലാബ് റിസള്‍ട്ടിൽ വ്യാജമെന്ന് തെളിഞ്ഞു : ഇവരില്‍ നിന്ന് 12 എല്‍ എസ് ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തെന്ന് എക്‌സൈസ് ഓഫിസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. തുടര്‍ന്നാണ് ഇവ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചത്. എന്നാൽ കാക്കനാട്ടെ ലാബിൽ പരിശോധിച്ചപ്പോൾ എക്‌സൈസ് പിടിച്ചെടുത്തത് എൽ എസ് ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. തുടർന്ന് താൻ നിരപരാധിയാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഷീല സണ്ണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
also read : 'മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി കോപ്പിയടിച്ചത്', ബിരുദം റദ്ദാക്കണമെന്ന് കെഎസ്‌യു
ഷീല സണ്ണിയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാനായി നേരത്തേ തൃശൂർ സെഷൻസ് കോടതിയിൽ എക്‌സൈസ് റിപ്പോർട്ട് നൽകിയിരുന്നു.