എറണാകുളം: പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തപാൽ സ്പെഷ്യൽ വോട്ടുകളിൽ കൃത്രിമം നടന്നോയെന്ന് പരിശോധിക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹൈക്കോടതിയുടെ സേഫ് കസ്‌റ്റഡിയിലുള്ള പോസ്‌റ്റൽ ബാലറ്റുകളാണ് രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരു സ്ഥാനാർഥികളും അഭിഭാഷകരും പരിശോധിക്കുക. ബാലറ്റുകളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് നേരിട്ട് കണ്ട് പരിശോധിക്കാൻ അവസരം വേണമെന്ന ഇടത് സ്വതന്ത്ര സ്ഥാനാർഥി കെപിഎം മുസ്‌തഫയുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി ഉത്തരവ്.
സ്പെഷ്യൽ തപാൽ വോട്ടുകളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് സംയുക്ത പരിശോധനയിലൂടെ കണ്ടെത്താനാണ് നിർദേശം. അടുത്ത ബുധനാഴ്‌ച (15-2-2023) ഉച്ചയ്ക്ക് 1.30 നായിരിക്കും സംയുക്ത പരിശോധന. 348 തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്‌ത ഇടത് സ്വതന്ത്ര സ്ഥാനാർഥി കെപിഎം മുസ്‌തഫ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഹൈക്കോടതി നിർദ്ദശ പ്രകാരം വോട്ട് പെട്ടി ഹാജരാക്കാൻ ശ്രമിച്ചപ്പോൾ പെട്ടിയിൽ ഒന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാൽ അഞ്ചാം ടേബിളിൽ എണ്ണിയ 482 വോട്ടുകൾ ഈ പെട്ടിയിൽ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്‌ച പറ്റിയെന്നും വിശദമായ അന്വേഷണം വേണമെന്നും പെരിന്തൽമണ്ണ സബ് കലക്‌ടർ റിപ്പോർട്ട് നൽകിയിരുന്നു.
തപാൽ വോട്ടുകൾ സൂക്ഷിച്ച വോട്ട് പെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഹർജിയിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷനെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചിരുന്നു.