എറണാകുളം: സർക്കാർ സർവീസിലുള്ള ഡോക്‌ടർമാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ നിർദേശം നൽകി. കഠിനാധ്വാനം ചെയ്യുന്ന ഡോക്‌ടർമാരുടെ മനോവീര്യം തകർക്കാനല്ലെന്നും, കുറ്റവാളികളെ സർവീസിൽ നിന്നും ഒഴിവാക്കാനും, ഇതുവഴി സമൂഹത്തിൽ ആത്മവിശ്വാസം വർധിപ്പിക്കാനുമാണ് ഉത്തരവെന്നും കോടതി വ്യക്തമാക്കി.
സർക്കാർ സർവീസിലേക്ക് ഡോക്‌ടർമാരെ നിയമിക്കുന്ന വേളയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധനക്ക് മാനദണ്ഡം കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു. 2019ൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ വൈകി ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിലാണ് കോടതി നടപടി. ചികിത്സ വൈകിച്ച ഡോക്‌ടറുടെ യോഗ്യത സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനും കോടതി നിർദേശം നൽകി.
കൂടാതെ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാനും ഡിജിപിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ അന്വേഷണ പുരോഗതി റിപ്പോർട്ടും നൽകാനും കോടതി ഉത്തരവിൽ വ്യക്തമാക്കി. കുഞ്ഞ് മരിച്ച സംഭവത്തിൽ കുറ്റക്കാരിയായ ഡോക്‌ടർക്ക് മതിയായ യോഗ്യത ഇല്ലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. 2019ലായിരുന്നു സംഭവം. നഷ്‌ടപരിഹാരം വേണമെന്നുള്ള കുടുംബത്തിന്‍റെ ആവശ്യം സർക്കാർ പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഹര്‍ഷിനയ്‌ക്ക് നീതി കിട്ടണമെന്ന് ആരോഗ്യമന്ത്രി: അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനക്ക് നീതി കിട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. കത്രിക വയറ്റിൽ ഉണ്ടായിരുന്നുവെന്നത് സത്യമാണ്. ഹർഷിനയുടെ പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾ ആദ്യം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഒരു അന്വേഷണം നടത്തിയെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍, ആ അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാമത് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് സമഗ്രമായ ഒരു അന്വേഷണം നടത്തി. കോഴിക്കോട് മെഡിക്കൽ കോളജിലാണെങ്കിലും അതിനു മുമ്പ് ശസ്ത്രക്രിയ നടന്ന സർക്കാർ ആശുപത്രിയിലാണെങ്കിലും കത്രിക വയറ്റിൽ ഉണ്ടായിരുന്നുവെന്നത് ഒരു സത്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ അന്വേഷണത്തിലും ഒരു തീരുമാനമായില്ല. അന്ന് ഫോറൻസിക് പരിശോധന കൂടി നടത്തണമെന്ന് തീരുമാനിച്ചിരുന്നു. ഫോറൻസിക് ഡിപ്പാർട്ട്മെന്‍റിനെയും ഇതിനായി സമീപിച്ചിരുന്നു. എന്നാൽ, ഒരു മെറ്റൽ അലോയിയുടെ കാലപ്പഴക്കം നിർണയിക്കാൻ കഴിയില്ല എന്നാണ് ഫോറൻസിക്ക് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
സത്യം എത്ര മൂടി വച്ചാലും പുറത്തുവരുമെന്ന് ഹര്‍ഷിന: എത്ര മൂടി വച്ചാലും സത്യം പുറത്തുവരുമെന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സമരം തുടരുന്ന ഹർഷിന പറഞ്ഞു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമരം തുടരുമെന്ന് അവര്‍ പറഞ്ഞു.
'ഞാൻ പറഞ്ഞതിൽ ഒരു ശതമാനം പോലും കള്ളമില്ലെന്ന് തെളിഞ്ഞു. വീട്ടമ്മയായ എന്നെ തെരുവിൽ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നു. തുച്ഛമായ നഷ്‌ടപരിഹാരം തന്ന് സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. നഷ്‌ടപരിഹാരം പര്യാപ്‌തമല്ലെന്ന് തന്നവർക്ക് അറിയാം. അർഹമായ നഷ്‌ടപരിഹാരം കിട്ടണം. കുറ്റക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാവണം. ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്' - ഹർഷിന പറഞ്ഞു.