എറണാകുളം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. ഈ മാസം 23 വരെയാണ് എം ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞത്. ഇതിന് മുമ്പ് എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഇതുവരെ ശിവശങ്കറിനെ പ്രതി ചേർത്തിട്ടില്ലെന്നും അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും ഈയൊരു സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകരുതെന്നുമായിരുന്നു ഇഡിയുടെ വാദം.
90 മണിക്കൂറോളം വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടും തനിക്കെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ല. അന്വേഷണവുമായി ഇതുവരെ സഹകരിച്ചിട്ടുണ്ട്. തുടർന്നും സഹകരിക്കാൻ തയ്യാറാണെന്നും ഇന്ന് തന്നെ അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഹാജരാകാമെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. ഇഡിയുടെ കുറ്റപത്രത്തില്‍ തനിക്കെതിരെ ഉന്നയിച്ച പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും തന്നെ മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ശിവശങ്കർ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരിന്‍റെ ഔദ്യോഗിക ചുമതലയിലിരിക്കെ യുഎഇ കോൺസുലേറ്റിലെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത്. അവരുമായി വ്യക്തിപരമായ സൗഹൃദമുണ്ടായിരുന്നു. ഇതിനെ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ഇഡി ശ്രമിച്ചത്. കേസിന് ആസ്പദമായ സംഭവം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് അയച്ച വാട്സാപ്പ് സന്ദേശങ്ങളാണ് സംശയകരമായ തെളിവ് എന്ന നിലയില്‍ ഇഡി കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നതെന്നും ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടികാണിച്ചിരുന്നു.