എറണാകുളം : ജോലി ആവശ്യത്തിനായി അമ്മ വിദേശത്തേക്ക് പോയതിന്‍റെ പേരിൽ കുട്ടിയുടെ സംരക്ഷണം (Child Custody) നിഷേധിക്കാൻ പാടില്ലെന്ന് ഹൈക്കോടതി (High Court). കുട്ടിയുടെ ക്ഷേമമാണ് പ്രധാനമെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്ത്താഖ്, സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ, സംരക്ഷണാവകാശം നിലനിർത്താൻ രക്ഷകർത്താക്കൾ നിശ്ചിത സ്ഥലത്ത് താമസിക്കണമെന്ന് അർഥമില്ല.
മികച്ച ജീവിതത്തിനായി മറ്റൊരിടത്തേക്ക് താമസം മാറ്റുന്നത് കുട്ടിയുടെ സംരക്ഷണാവകാശം ഉന്നയിക്കുന്നതിന് തടസമല്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. ജോലി ആവശ്യത്തിനായി അമ്മ വിദേശത്തേക്ക് പോയതിന്‍റെ പേരിൽ കുട്ടിയുടെ സംരക്ഷണം നിഷേധിക്കാൻ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണാവകാശം നിഷേധിച്ച കുടുംബ കോടതി ഉത്തരവിനെതിരെ പത്തനംതിട്ട സ്വദേശിനി നൽകിയ അപ്പീലിലാണ് കോടതി നിരീക്ഷണം.
കുട്ടിയുടെ ആറ് വയസുവരെയുള്ള സംരക്ഷണാവകാശം ഹർജിക്കാരിക്കും പിതാവിന് സന്ദർശനാനുവാദവും നൽകിക്കൊണ്ടുള്ളതായിരുന്നു കേസിലെ കുടുംബകോടതി മുഖാന്തരമുള്ള ഒത്തുതീർപ്പ് വ്യവസ്ഥ. പിന്നീട് ഹർജിക്കാരി ന്യൂസിലൻഡിലേക്ക് പോയ സമയത്ത് കുട്ടിയെയും കൂടെ കൂട്ടാൻ ആവശ്യം ഉന്നയിച്ച് വീണ്ടും കുടുംബ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ ഈ അപേക്ഷ കുടുംബ കോടതി തള്ളിയതോടെയാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബഞ്ച്, കുട്ടിയെ വിദേശത്തു കൊണ്ടു പോകാനടക്കം ഹർജിക്കാരിക്ക് നിശ്ചിത കാലത്തേക്ക് നിയമപരമായ സംരക്ഷണാവകാശവും പിതാവിന് സന്ദർശനാനുവാദവും അനുവദിച്ചു.
പോക്സോ കേസുകളിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി : കഴിഞ്ഞ ദിവസം പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്സോ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാമെന്ന് ഹൈക്കോടതി സുപ്രധാന ഉത്തരവിറക്കിറയിരുന്നു (Anticipatory bail granted in pocso case Lacking primary evidence). വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നിരപരാധികളെ കുടുക്കുന്ന സംഭവങ്ങൾ നിരവധി ഉണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ വസ്‌തുത പരിശോധിച്ച ശേഷം തീരുമാനമെടുക്കണമെന്നുമാണ് സിംഗിൾ ബെഞ്ച് വ്യക്തമാക്കി (Anticipatory Bail Granted In Pocso Case). മക്കളോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം.
കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലെ തന്നെ നിരപരാധികളെ സംരക്ഷിക്കുന്നതും പ്രധാനമാണ്. കുടുംബകോടതികളിൽ കുട്ടികളുടെ കസ്റ്റഡി തർക്കവുമായി ബന്ധപ്പെട്ട് പിതാവിനെതിരെ വ്യാജ പീഡന ആരോപണം ഉന്നയിക്കുന്ന നിരവധി കേസുകളുണ്ടെന്നും മറ്റൊരു വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി.