കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചു. മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്‍റെ ചുമതലയിലുള്ള പത്രത്തിന്‍റെ അക്കൗണ്ടിലേക്ക് 10 കോടി രൂപ വന്നിട്ടുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കേസ് വിജിലൻസിന്‍റെ മാത്രം പരിധിയിൽ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
അഴിമതിപ്പണം വെളുപ്പിക്കാൻ ഇബ്രാഹിം കുഞ്ഞ് പത്രത്തിന്‍റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന് കാണിച്ചുളള ഹർജി ഹൈക്കോടതിയിലെത്തിയപ്പോഴാണ് അക്കൗണ്ടിലേക്ക് പണമിടപാട് നടന്നതായി കണ്ടെത്തിയതെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. എന്നാൽ ഇത് കള്ളപ്പണമാണോയെന്ന് പരിശോധിക്കേണ്ടി വരുമെന്നും വിജിലന്‍സ് പറഞ്ഞു. പത്രത്തിന്‍റെ രണ്ട് അക്കൗണ്ടുകളിലേക്ക് 10 കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് സർക്കാരിൽ നിന്നും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.