എറണാകുളം: കൊവിഡ് വാക്‌സിനേഷൻ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരായ കേന്ദ്ര സർക്കാർ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. കിറ്റെക്‌സ് ജീവനക്കാർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി നാലാഴ്‌ച കഴിഞ്ഞതിനാൽ രണ്ടാം ഡോസ് എടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതർ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് അനുകൂല ഉത്തരവ് നൽകിയത്.
കൊവിഷീൽഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് നാലാഴ്‌ച കഴിഞ്ഞ് എടുക്കാൻ കഴിയുന്ന വിധത്തിൽ കൊവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ആദ്യഡോസ് എടുത്ത് 12 ആഴ്‌ചകൾക്ക് ശേഷം രണ്ടാം ഡോസ് എടുത്താൽ മതിയെന്ന കേന്ദ്ര സർക്കാരിന്‍റെ ദേശീയ കൊവിഡ് വാക്‌സിൻ നയത്തിന് വിരുദ്ധമായ സിംഗിൾ ബെഞ്ചിന്‍റെ വിധി റദ്ദാക്കണമെന്ന ആവശ്യമാണ് കേന്ദ്ര സർക്കാർ അപ്പീൽ ഹർജിയിൽ ഉന്നയിക്കുന്നത്.
Also read: ഭാരത് ബന്ദിൽ കേരളത്തിലെ ഹർത്താൽ; നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
രണ്ടാം ഡോസ് 12 ആഴ്‌ച കഴിഞ്ഞ് എടുത്താൽ മതിയെന്ന് വ്യവസ്ഥയുണ്ടെങ്കിലും പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്നവർക്ക് രണ്ടാം ഡോസ് എടുക്കാനുള്ള സമയത്തിൽ ഇളവ് അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. ദേശീയ കൊവിഡ് വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായ വിദഗ്‌ധ സമിതികളുടെ ശിപാർശകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് രണ്ടാം ഡോസിനുള്ള സമയക്രമം നിശ്ചയിച്ചതെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ചില വിഭാഗങ്ങൾക്ക് ഇളവു നൽകിയത് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞതെന്നും പണം കൊടുത്ത് വാക്‌സിനെടുക്കുന്നവർക്ക് നേരത്തെ വാക്‌സിൻ എടുക്കണോയെന്നു തീരുമാനിക്കാമെന്ന് വിധിയിലുണ്ടെന്നും അപ്പീലിൽ പറയുന്നു. ശാസ്ത്രീയ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ രൂപം നൽകിയ നയത്തെ തകർക്കുന്ന വിധിയാണ് ഇത്. സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്ര സർക്കാർ ആവശ്യപെടുന്നു.