എറണാകുളം: കേരള സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് ഒരാളെ നിർദേശിച്ചാൽ അവസാനിക്കുന്ന പ്രശ്‌നം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. പുറത്താക്കിയ ഗവർണറുടെ നടപടി ചോദ്യം ചെയ്‌ത് കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശങ്ങൾ.
കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ വിജ്ഞാപനം മാറ്റണമെന്ന ശാഠ്യം എന്തിനാണ്? സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് ഒരാളെ നിർദേശിച്ചാൽ അവസാനിക്കുന്ന പ്രശ്‌നമല്ലേ ഉള്ളൂ. എന്തിനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
വ്യക്തികളെ കുറിച്ചല്ല, വിദ്യാർഥികളുടെ ഭാവിയെ കുറിച്ചാണ് കോടതിയുടെ ആശങ്കയെന്നും സിംഗിൾ ബെഞ്ച് ഓർമിപ്പിച്ചു. സെർച്ച് കമ്മിറ്റി അംഗത്തെ നിർദേശിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന സർവകലാശാലയുടെ വിശദീകരണത്തിന് ഒളിച്ചു കളിക്കരുതെന്ന മുന്നറിയിപ്പും ഹൈക്കോടതി നൽകി. വൈസ് ചാൻസലർ ഇല്ലാതെ ഒരു സ്ഥാപനം എങ്ങനെ മുന്നോട്ടു പോകുമെന്നും കോടതി ചോദിച്ചു.
പുറത്താക്കിയ ഗവർണറുടെ നടപടിക്കെതിരെ സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ സിംഗിൾ ബെഞ്ച് നാളെ (നവംബർ 2) ഉച്ചയ്ക്ക് 1.45ന് പരിഗണിക്കാനായി മാറ്റി. നവംബർ നാലിന് ചേരുന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കണമെന്ന് ഹർജിക്കാരുടെ ആവശ്യത്തിന്മേൽ നാളെ കോടതി തീരുമാനം പറയും.
സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിക്കണമെന്ന് മുൻ വിസിയും സെനറ്റും ആവശ്യപ്പെട്ടത് നിയമവിരുദ്ധമാണെന്നാണ് ഗവർണറുടെ സത്യവാങ്മൂലം. ചാൻസലർ എന്ന നിലയിൽ വിസി നിയമനം വൈകരുത് എന്ന ഉദ്ദേശത്തോടെ സെർച്ച് കമ്മിറ്റി രൂപീകരിച്ച നടപടിയെ സെനറ്റംഗങ്ങൾ എതിർത്തത് തെറ്റാണെന്നും ഗവർണർ അറിയിച്ചു.