എറണാകുളം : കലോത്സവങ്ങളിൽ വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുകയെന്നതാണ് പ്രധാനമെന്ന് ഹൈക്കോടതി. വിവിധ ജില്ലകളിൽ നടന്ന കലോത്സവങ്ങളിലെ ഫലപ്രഖ്യാപനത്തിൽ അപ്പീൽ കമ്മിറ്റിയുടെ തീരുമാനം ചോദ്യം ചെയ്‌ത് മത്സരാർഥികൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ. കലോത്സവങ്ങളിൽ വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യം.
പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണം. രക്ഷിതാക്കളുടെ അനാവശ്യ ഉത്കണ്ഠ കുട്ടികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കും. കലോത്സവങ്ങൾ ആർഭാടത്തിന്‍റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുതെന്നും കോടതി ഓർമിപ്പിച്ചു.
ഭാരിച്ച ചിലവുകൾ താങ്ങാൻ സാധിക്കാത്തത് കാരണം ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും കലോത്സവ വേദിയിലേക്ക് എത്താൻ പോലും കഴിയുന്നില്ല. ഇക്കാര്യം കൂടി അപ്പീലുകളുമായി കോടതിയിൽ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ മനസിലാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കലോത്സവ ഫലപ്രഖ്യാപനം ചോദ്യം ചെയ്‌തുള്ള ഹർജികൾ കൂടി വരുന്ന സാഹചര്യത്തിലാണ് കോടതിയുടെ അഭിപ്രായ പ്രകടനം.
കൂടാതെ കലോത്സവവുമായി ബന്ധപ്പെട്ട് അപകടങ്ങളുണ്ടായാൽ സംഘാടകർക്കെതിരെ നടപടി എടുക്കാൻ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കും ഹൈക്കോടതി നിർദേശം നൽകി. വേദികൾ കുറ്റമറ്റതായിരിക്കണമെന്നും മത്സരാർഥികളുടെ പ്രകടനത്തെ ബാധിക്കുന്ന ഒന്നും തന്നെ വേദികളിൽ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. വേദികളുടെ പാകപ്പിഴകൾ മത്സരാർഥികളുടെ പ്രകടനത്തെ ബാധിക്കുന്നുവെന്ന ആക്ഷേപം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിർദേശം.