കൊച്ചി: പ്രളയവും ഉരുൾപൊട്ടലുമെല്ലാം ആവർത്തിച്ചിട്ടും മനസിലാവുന്നില്ലെങ്കിൽ ഇനിയെപ്പോഴാണ് നാം പാഠം പഠിക്കുകയെന്ന് ഹൈകോടതി. പി വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്‍റെ മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള ഭൂമിയിലെ തടയണ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെന്‍റെ വിമർശനമുണ്ടായത്. വിവാദ തടയണയിലെ വെള്ളം പൂർണമായി ഒഴുക്കിക്കളഞ്ഞെന്ന് പറയുന്നുണ്ടെങ്കിലും ജിയോളജിസ്റ്റിസ് തടയണ പരിശോധിച്ച് നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടു. വെളളം ഒഴുക്കിക്കളയൽ താൽക്കാലിക നടപടിയാണ്. ചെക്ക് ഡാം ഇല്ലാതാക്കലാണ് അന്തിമായി വേണ്ടത്. മനുഷ്യനിര്‍മിതമായാലും പ്രകൃത്യാലുള്ളതായാലും തടയണ പൂർണമായും നീക്കം ചെയ്യേണ്ട ബാധ്യത ഭൂവുടമയുടേതാണെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
തടയണയിലുണ്ടാക്കിയ വിടവ് വഴി വെള്ളം ഒഴുക്കികളഞ്ഞെന്ന് ഉടമ അബ്ദുൽ ലത്തീഫിെൻറ അഭിഭാഷകന്‍ വാദിച്ചു. ആറടി പൊക്കത്തില്‍ ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നതായും ദുരന്ത സാധ്യതയുണ്ടെന്നുമായിരുന്നു കേരളാ നദീ സംരക്ഷണ കൗണ്സിലിന്റെ വാദം.
ഈ ആരോപണം ഗൗരവമുള്ളതാണെന്നും മഴ തുടരുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഉദ്യോഗസ്ഥരും ജനങ്ങളും ഇപ്പോൾ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലാണെന്നും പിന്നീട്, കൂടുതല്‍ പരിശോധന നടത്തി പരിഹാര മാര്‍ഗം നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിവാദ തടയണയുടെ സമീപ പ്രദേശങ്ങളിലടക്കം പ്രളയത്തിലാണെന്നും ഈ ഘട്ടത്തിൽ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും നദീ സംരക്ഷണ കൗണ്‍സില്‍ വാദിച്ചു.
വെള്ളക്കെട്ട് സ്വാഭാവികമായി ഉള്ളതാണോ കൃത്രിമമായി ഉണ്ടാക്കിയതാണോയെന്ന് കോടതി ആരാഞ്ഞു. കൂടുതല്‍ ഭാഗവും പ്രകൃത്യാലുള്ളതാണെന്നും ചില ഭാഗങ്ങളില്‍ മാത്രമാണ് ഹർജിക്കാരന്‍ രൂപമാറ്റം വരുത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തടയണ പൊളിച്ചു മാറ്റുന്നതിന്‍റെ ചെലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എടുക്കരുതെന്നും ഉടമ തന്നെ വഹിക്കണമെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വാട്ടർ തീം പാർക്കിന്റെ ഉടമസ്ഥയിലുള്ള പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുന്ന മേഖലകള്‍ വേറെയുണ്ടെങ്കില്‍ അതും ഒഴിവാക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി