എറണാകുളം: നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ ശ്രദ്ധയിൽപെട്ടതോടെയാണ് വിഷയത്തിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടലുണ്ടായത്. ദേശിയ പാതകളിലെ കുഴികൾ അടയന്തരമായി അടയ്ക്കാനാണ് നിർദേശം.
നേരത്തെ റോഡുകളുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ ഹൈക്കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചിരുന്നു. ഈ അമിക്കസ്‌ക്യൂറി വഴിയാണ് ദേശിയ പാത അതോറിറ്റി കേരള റീജിയണല്‍ ഓഫിസര്‍ക്കും പാലക്കാട്ടെ പ്രോജക്‌ട് ഡയറക്‌ടര്‍ക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കർശന നിർദേശം നൽകിയത്. റോഡുകളുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ തിങ്കളാഴ്‌ച (08.08.22) പരിഗണനയ്ക്ക് വരുമ്പോൾ അമിക്കസ്‌ക്യൂറി വിവരങ്ങൾ കോടതിയെ ധരിപ്പിച്ചേക്കും.
ഇന്നലെ രാത്രിയാണ് (05.08.22) നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പറവൂർ സ്വദേശി എ.എ ഹാഷിം മരിച്ചത്. കുഴിയിൽ വീണ ബൈക്കിൽ നിന്നും ഹാഷിം തെറിച്ചുവീഴുകയും പിറകെ വന്ന വാഹനം ശരീരത്ത് കയറിയിറങ്ങുകയുമായിരുന്നു. ഏതാനും വര്‍ഷം മുന്‍പ് പാലാരിവട്ടത്ത് യുവാവ് റോഡിലെ കുഴിയില്‍ വീണ് മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്ന് സ്വമേധയ എടുത്ത കേസും ഹൈക്കോടതിയുടെ പരിഗണനയിലാണ്.