എറണാകുളം : പാറശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സാക്ഷികളെ സ്വാധീനിക്കരുത്, കേസ് നടപടികളുമായി സഹകരിക്കണം തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിന്‍റെ വിചാരണ നീണ്ടുപോകുന്നത് കണക്കിലെടുത്താണ് ജാമ്യം (High Court Grants Bail To Greeshma).
സമൂഹത്തിന്‍റെ വികാരം എതിരാണെന്നത് കൊണ്ട് പ്രതിക്ക് ജാമ്യം നിഷേധിക്കാനാവില്ലെന്നും അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പ്രതി 22 വയസുള്ള സ്‌ത്രീയാണെന്ന വസ്‌തുത കണക്കിലെടുക്കുന്നുവെന്നും ഷാരോണിന്‍റെ മരണ മൊഴിയില്‍ ഗ്രീഷ്‌മക്കെതിരെ പരാമര്‍ശമില്ലെന്നും കോടതി പറഞ്ഞു. ജാമ്യം അനുവദിച്ചാല്‍ പ്രതി ഒളിവില്‍ പോകുമെന്ന വാദം പ്രോസിക്യൂഷനില്ലെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷവും ഒരാള്‍ക്ക് ജാമ്യം നിഷേധിക്കണമെങ്കില്‍ മതിയായ കാരണം ഉണ്ടായിരിക്കണമെന്നും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
കേസിലെ കൂട്ടുപ്രതികളായ ഗ്രീഷ്‌മയുടെ അമ്മയ്‌ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയായത് അടക്കം ചൂണ്ടിക്കാട്ടി ഗ്രീഷ്‌മ നല്‍കിയ ജാമ്യാപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു. അതേസമയം കേസിന്‍റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഗ്രീഷ്‌മ ഉള്‍പ്പടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഉപഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ ഒക്‌ടോബര്‍ 31നാണ് ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്‌മയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഷാരോണ്‍ വധക്കേസും ഗ്രീഷ്‌മയുടെ അറസ്റ്റും : കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 14നാണ് തമിഴ്‌നാട്ടിലെ പളുകലിലുള്ള വീട്ടില്‍ വച്ച് കാമുകനായ ഷാരോണിന് ഗ്രീഷ്‌മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. കഷായം കഴിച്ച് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാരോണ്‍ ഒക്‌ടോബര്‍ 25ന് മരിച്ചു. മരണ സമയത്തും ഷാരോണ്‍ നല്‍കിയ മൊഴി ഗ്രീഷ്‌മയെ സംശമില്ലെന്നായിരുന്നു. എന്നാല്‍ മരണത്തെ തുടര്‍ന്ന് പൊലീസിന്‍റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കേസിന്‍റെ ചുരുളുകളഴിഞ്ഞത്.
ആദ്യം സ്വാഭാവിക മരണത്തിനായിരുന്നു പാറശാല പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കേസില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഗ്രീഷ്‌മ കുറ്റസമ്മതം നടത്തുകയായിരുന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്‌മ ശ്രമിച്ചെങ്കിലും പിന്മാറാത്തതിനെ തുടര്‍ന്നാണ് കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ ഗ്രീഷ്‌മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. നേരത്തെയും വിഷം കലര്‍ത്തിയ ജ്യൂസ് ഗ്രീഷ്‌മ ഷാരോണിന് നല്‍കിയിരുന്നു. അന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സിച്ച് സ്ഥിതി മെച്ചപ്പെടുകയുമായിരുന്നു. ഇതോടെയാണ് വീണ്ടും വിഷം നല്‍കാന്‍ ഗ്രീഷ്‌മ തീരുമാനിച്ചത്.
കാര്‍പ്പിക് എന്ന കളനാശിനി കഷായത്തില്‍ കലക്കിയാണ് ഗ്രീഷ്‌മ ഷാരോണിന് നല്‍കിയത്. വിഷം നല്‍കിയതിന് ശേഷം അതിന്‍റെ കുപ്പി ഉപേക്ഷിച്ചു. ഷാരോണ്‍ മരിച്ച വാര്‍ത്തയ്ക്ക് പിന്നാലെ മകളാണ് കൊലപാതകിയെന്ന് തിരിച്ചറിഞ്ഞ അമ്മയും അമ്മാവനും തെളിവുകള്‍ നശിപ്പിച്ചു. ഇതാണ് അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ നായര്‍ക്കും എതിരെയുള്ള കേസ്.