എറണാകുളം: വനിത ടിടിഇയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌ത കേസിൽ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ ജാമ്യം നൽകിയത്. ഗാന്ധിധാം എക്‌സ്‌പ്രസിൽ യാത്ര ചെയ്യുന്നതിനിടയിൽ വനിത ടിടിഇ യെ കയ്യേറ്റം ചെയ്‌ത കേസിൽ തൃശ്ശൂർ റെയിൽവെ പൊലീസാണ് അർജുൻ ആയങ്കിക്കെതിരെ കേസ് എടുത്തത്.
പിന്നീട് അർജുൻ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ജനുവരി 14നായിരുന്നു സംഭവം. ആദ്യം കോട്ടയം റെയിൽവെ പൊലീസ് കേസ് എടുക്കുകയും തൃശൂർ പൊലീസിന് കൈമാറുകയുമായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്.
സ്വർണക്കടത്ത് കേസുകളിലടക്കം അഞ്ചിലേറെ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കിയെന്നും സ്ഥിരം കുറ്റവാളിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.