എറണാകുളം: പോക്‌സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാനസിക വൈകല്യമുള്ളതിനാലാണ് കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയതെന്ന ശ്രീജിത്ത് രവിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. തൃശൂർ എസ്‌എൻ പാർക്കിന് സമീപത്ത് വച്ച് രണ്ട് പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് താരത്തെ അറസ്‌റ്റ് ചെയ്‌തത്.
സംഭവ ദിവസം മരുന്ന് കഴിച്ചിരുന്നില്ല. ചികിത്സ ലഭിച്ചിരുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ശ്രീജിത്ത് രവിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഈ വാദം അംഗീകരിച്ച സിംഗിൾ ബെഞ്ച് ഉപാധികളോടെ നടന് ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രതി കൃത്യം ആവർത്തിക്കാൻ ഇടയുള്ളതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശ്രീജിത്ത് രവി മുൻപും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടികാട്ടി. എന്നാൽ പ്രതി കുറ്റം വീണ്ടും ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി അറിയിച്ചു.
മാനസിക വൈകല്യത്തിന് ശ്രീജിത്തിന് ചികിത്സ നൽകാമെന്ന് പിതാവും ഭാര്യയും സത്യവാങ് മൂലം നൽകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ച് നിർദേശിച്ചു. മജിസ്‌ട്രേറ്റിന് മുൻപാകെയാണ് സത്യവാങ്‌മൂലം നൽകേണ്ടത്. നേരത്തെ തൃശൂർ അഡിഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.