എറണാകുളം: കോടതി നിര്‍ദേശം അവഗണിച്ച വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ബിജുവിനോട് നൂറ് വൃക്ഷത്തൈകള്‍ നടാന്‍ ഹൈക്കോടതി നിര്‍ദേശം. വൃക്ഷത്തൈകള്‍ എവിടെ നടണമെന്ന് സംബന്ധിച്ച കാര്യങ്ങള്‍ വനംവകുപ്പിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
വിവിധ കെമിക്കല്‍സ് കമ്പനികളുടെ വില്‍പന നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചില പരാതികളിൽ സമയബന്ധിതമായി ഇടപെടാൻ കോടതി നിർദേശം നൽകിയിരുന്നു. എന്നാല്‍ നിർദേശം വ്യവസായ വകുപ്പ് ഡയറക്ടര്‍ അംഗീകരിച്ചില്ല. ഇത് ഹര്‍ജിക്കാരന്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് അമിത് രാവല്‍ ഈ അപൂര്‍വ വിധി പ്രസ്താവിച്ചത്. ഉദ്യോഗസ്ഥന്‍റെ ശബളത്തില്‍ നിന്ന് 40,000 രൂപ ഈടാക്കണമെന്നാണ് ആദ്യം അഭിപ്രായപ്പെട്ടത്. ഇതിനെ വ്യവസായ വകുപ്പ് അഭിഭാഷകന്‍ എതിര്‍ത്തതോടെ കുഷ്‌ഠരോഗ ആശുപത്രിയില്‍ സേവനം ചെയ്യട്ടെയെന്നായിരുന്നു അടുത്ത നിര്‍ദേശം. എന്നാല്‍ കേരളം കുഷ്ഠരോഗ വിമുക്തമാണെന്നും സംസ്ഥാനത്ത് കുഷ്‌ഠരോഗികള്‍ക്കായി മാത്രമൊരു ആശുപത്രിയില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നായിരുന്നു നൂറ് വൃക്ഷത്തൈകള്‍ നടട്ടെയെന്ന അപൂര്‍വമായ നിര്‍ദേശം കോടതി മുന്നോട്ട് വെച്ചത്.