എറണാകുളം: ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. വാക്കാലായിരുന്നു ലൈഫ് മിഷൻ കേസിൽ കോടതിയുടെ പരാമർശങ്ങൾ. എഫ്ഐആർ റദ്ദാക്കണമെന്ന ലൈഫ് മിഷൻ സിഇഒയുടെ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവ് നൽകിയില്ല. ഈ ഘട്ടത്തിൽ ഹർജിയിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് കോടതി പരാമർശിച്ചത്. അതേ സമയം, ഫയലിൽ സ്വീകരിച്ച ഹർജി തുടർ വാദത്തിനായി മാറ്റിയിട്ടുണ്ട്. അടുത്ത വെള്ളിയാഴ്‌ചയാണ് കേസ് വീണ്ടും പരിഗണിക്കുക.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. ഫ്ലാറ്റ് നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി നൽകുക മാത്രമാണ് സർക്കാർ ചെയ്‌തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും ലൈഫ് മിഷൻ അറിയിച്ചു. ഫ്ലാറ്റ് നിർമാണത്തിന് ലൈഫ് മിഷനും റെഡ് ക്രെസന്‍റും തമ്മിലാണ് കരാർ. പദ്ധതിയുടെ നിർമാണം ഏറ്റെടുക്കുന്ന കരാറുകാരുമായി സർക്കാരിനോ ലൈഫ് മിഷനോ നേരിട്ട് ബന്ധമുണ്ടാവില്ലന്ന് കരാറിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടന്നും ഹർജിയിൽ പറയുന്നു.
ലൈഫ് മിഷന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ.വി വിശ്വനാഥനാണ് വീഡിയോ കോൺഫറൻസ് വഴി ഹാജരായത്. ലൈഫിൽ അന്വേഷണം വേണമെന്നും എങ്കിൽ മാത്രമേ ക്രമക്കേട് കണ്ടെത്താൻ കഴിയുള്ളുവെന്നും സിബിഐ കോടതിയിൽ വാദിച്ചു. എന്നാൽ, പ്രതിയല്ലാത്ത ഒരാൾക്ക് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന സിബിഐ വാദം കോടതി അംഗീകരിച്ചില്ല. വിശദമായ വാദത്തിനായി കേസ് ഈ മാസം ഒമ്പതിലേക്ക് മാറ്റി. ലൈഫ് മിഷൻ സിഇഒ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെടാത്ത സാഹചര്യത്തിൽ നിലവിലെ അന്വേഷണവുമായി സിബിഐക്ക് മുന്നോട്ട് പോകാൻ കഴിയും.