കൊച്ചി: സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ നടപടിയുമായി ഹൈക്കോടതി. ഈ മാസം 23 വരെ കസ്റ്റംസ് കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനാകില്ല. കേസുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്ങ്മൂലം ഈ മാസം ഇരുപത്തിമൂന്നിനകം സമർപ്പിക്കാൻ കസ്റ്റംസിന് കോടതി നിർദേശം നൽകി. കസ്റ്റംസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശിവശങ്കർ കോടതിയിൽ ഉന്നയിച്ചത്. തന്നെ അറസ്റ്റ് ചെയ്യാനാനുള്ള കസ്റ്റംസിൻ്റെ ശ്രമത്തിന് വെള്ളിയാഴ്ച തെരഞ്ഞെടുത്തത് ബോധപൂർവമാണ്. നിയമ വ്യവസ്ഥയെ അട്ടിമറിക്കാനാണ് കസ്റ്റംസിൻ്റെ ശ്രമമെന്നും താൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ശിവശങ്കർ കോടതിയിൽ അറിയിച്ചു.
ഇതിനോടകം 90 മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയനായി. തുടർന്നും സഹകരിക്കാൻ തയ്യാറാണ്. സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ല. ചോദ്യം ചെയ്യലിന് കസ്റ്റംസിന്‍റെ കാറിൽ വരാൻ നിർബന്ധിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആക്കാൻ കസ്റ്റംസ് ശ്രമിക്കുന്നു. ക്രിമിനലിനോട് എന്നപോലെയാണ് പെരുമാറിയത്. രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്നും ശിവശങ്കർ ആരോപിച്ചു.
എന്നാൽ ഇതെല്ലാം തന്നെ കസ്റ്റംസ് കോടതിയിൽ നിഷേധിച്ചു. ശിവശങ്കറിനെതിരായ തെളിവുകൾ സമർപ്പിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇഡി കേസിലും വെള്ളിയാഴ്‌ച വരെ നേരത്തെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ട് കേസും വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കും. ഹൈക്കോടതിയിലെ ഒരേ ബെഞ്ച് തന്നെയാണ് രണ്ട് മുൻകൂർ ജാമ്യാപേക്ഷകളും വീണ്ടും പരിഗണിക്കുക.