എറണാകുളം : പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണിന് പൊലീസ് സംരക്ഷണം നല്‍കിയത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. പൊലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മോന്‍സണിന്‍റെ മുന്‍ ഡ്രൈവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പൊലീസ് സംരക്ഷണം നൽകുമ്പോൾ ഇത്തരക്കാരുടെ വിശ്വാസ്യത കൂടുകയാണ് ചെയ്യുന്നത്. മോൻസണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ട്.
പൊലീസുകാർ അയാളുടെ വീട്ടിൽ പോയപ്പോൾ നിയമലംഘനങ്ങൾ എന്തുകൊണ്ട് കണ്ടില്ല ? ആനക്കൊമ്പ് കണ്ടപ്പോൾ എന്തുകൊണ്ട് അതേക്കുറിച്ച് അന്വേഷിച്ചെന്നും ജസ്റ്റിസ് രാമചന്ദ്രൻ ചോദിച്ചു.
Also Read: 'മോന്‍സണില്‍' പ്രക്ഷുബ്‌ധമായി സഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരോപണ വിധേയരായ കേസിൽ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമാകുമോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കണമെന്നും എന്തുകൊണ്ട് നേരത്തെ ഇയാളെക്കുറിച്ച് അന്വേഷിച്ചില്ലെന്ന് വിശദീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയോട് കോടതി നിർദേശിച്ചു. ഹർജി ഒക്‌ടോബർ 26ന് വീണ്ടും പരിഗണിക്കും.