കൊച്ചി: കേരളീയം പരിപാടിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി (High Court Criticizes Kerala Govt For Conducting Keraleeyam Program. കേരളീയം പോലുള്ള ആഘോഷ പരിപാടികളേക്കാൾ മനുഷ്യൻ്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ കഴിയില്ല. ഇക്കാര്യമാണ് ഭരണാധികാരികൾ മനസിലാക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (Justice Devan Ramachandran) പറഞ്ഞു.
കെ എസ് ആർ ടി സി പെൻഷൻ വിതരണവുമായി (KSRTC Pension Distribution) ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി (Contempt of Court) പരിഗണിക്കവെയാണ് കേരളീയം പരിപാടിയെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. കേരളീയം പരിപാടിയുടെ തിരക്കും മറ്റ് സെമിനാറുകളും മൂലമാണ് നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും സാധിക്കാതിരുന്നതെന്ന് ക്ഷമ ചോദിച്ചു കൊണ്ട് ചീഫ് സെക്രട്ടറി വി വേണു (V Venu) വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ സാമ്പത്തിക പ്രതിസന്ധി (Financial Crisis) മൂലമാണ് കെ എസ് ആർ ടി സി പെൻഷൻ വിതരണത്തിന് സഹായം അനുവദിക്കാനാകാത്തതെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഇതോടെയാണ് കേരളീയം പോലുള്ള ആഘോഷ പരിപാടികളെക്കാൾ മനുഷ്യൻ്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് കോടതി വിമർശന സ്വരത്തിൽ പറഞ്ഞത്. ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ കഴിയില്ല. ഇക്കാര്യമാണ് ഭരണാധികാരികൾ മനസ്സിലാക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമിപ്പിച്ചു. ചിലരുടെ കണ്ണുനീരും വേദനയും മതി എല്ലാവരുടെയും കണ്ണ് തുറപ്പിക്കാൻ. ആഘോഷപരിപാടികളേക്കാള്‍ മനുഷ്യന്‍റെ പ്രശ്‌നങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി പറഞ്ഞു.
ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഈ മാസം 30 നകം കെ എസ് ആർ ടി സിയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. അല്ലാത്ത പക്ഷം ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും വീണ്ടും ഹാജരായി മറുപടി നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.