എറണാകുളം: എഴുത്തുകാരൻ സിവിക് ചന്ദ്രന് ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്‌ജി എസ്. കൃഷ്‌ണകുമാറിന്‍റെ സ്ഥലം മാറ്റം ഹൈക്കോടതി റദ്ദാക്കി. കൊല്ലം ലേബർ കോടതി ജഡ്‌ജിയായി സ്ഥലം മാറ്റികൊണ്ടുള്ള ഹൈക്കോടതി രജിസ്‌ട്രാർ ജനറലിന്‍റെ ഉത്തരവാണ് റദ്ദാക്കിയത്. സ്ഥലം മാറ്റം ശരിവച്ച സംഗിൾ ബഞ്ച് ഉത്തരവിനെതിരെ കൃഷ്‌ണകുമാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് നടപടി.
സ്ഥലം മാറ്റിയത് നിയമവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി സെഷൻസ് ജഡ്‌ജി നേരത്തേ നൽകിയ രണ്ട് ഹർജികൾ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സെഷൻസ് ജഡ്‌ജി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കൊല്ലം ലേബർ കോടതി ജഡ്‌ജിയുടേത് ഡെപ്യൂട്ടേഷൻ തസ്‌തികയല്ലെന്നും സ്ഥലം മാറ്റത്തിന് മുൻകൂർ അനുമതി ആവശ്യമില്ലെന്നുമായിരുന്നു സിംഗിൾ ബഞ്ചിന്‍റെ കണ്ടെത്തൽ.
ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് നടത്തിയ പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയത്. ലേബർ കോടതി ജഡ്‌ജി ഡെപ്യൂട്ടേഷൻ തസ്‌തികകയാണെന്നും സ്ഥലം മാറ്റത്തിന് മുൻപായി തന്നോട് അനുമതി തേടേണ്ടിയിരുന്നെന്നും ഹർജിയിൽ കൃഷ്‌ണകുമാർ വാദമുന്നയിച്ചിരുന്നു. മാത്രമല്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിന്‍റെ കാലവധി പൂർത്തിയാക്കുന്നതിന് മുൻപായുള്ള സ്ഥലം മാറ്റം നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്നായിരുന്നു ജഡ്‌ജിയുടെ വിവാദ പരാമർശം.