എറണാകുളം: നിലക്കലിലെ പാർക്കിങ് കരാർ സംബന്ധിച്ച ഹർജി ഹൈക്കോടതി നാളത്തേക്ക് (ജനുവരി 11) മാറ്റിവച്ചു. ലേലത്തുക കുടിശിക വരുത്തിയതിൽ ഹൈക്കോടതി നിർദേശ പ്രകാരം നിലക്കലിലെ വാഹന പാർക്കിങ് പിരിക്കുന്നതിൽ നിന്നും കരാറുകാരനെ ഒഴിവാക്കി ദേവസ്വം ബോർഡ് പിരിവ് ഏറ്റെടുത്തിരുന്നു. ഇത് സംബന്ധിച്ചെടുത്ത നടപടികൾ ദേവസ്വം ബോർഡ് ഇന്ന് കോടതിയെ അറിയിച്ചു.
ഒരു കോടി 32 ലക്ഷം രൂപ കുടിശിക വരുത്തിയതിനെ തുടർന്നായിരുന്നു കൊല്ലം സ്വദേശി സജീവന് നൽകിയ കരാർ ദേവസ്വം ബോർഡ് റദ്ദാക്കിയത്. കരാറുകാരന്‍റെ ബാങ്കിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. അതിനിടെ അരവണ നിർമാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കായുടെ അന്തിമ പരിശോധനാഫലം ഹൈക്കോടതിയ്ക്ക് കൈമാറി.
കൊച്ചി സ്പൈസസ് ബോർഡ് ലാബിൽ നടത്തിയ പരിശോധനാഫലമാണ് കൈമാറിയത്. ഫലം സംബന്ധിച്ച് എഫ്‌എസ്‌എസ്‌എഐ ജോയിന്‍റ് ഡയറക്‌ടര്‍ നാളെ റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം എഫ്‌എസ്‌എസ്‌എഐ തുടങ്ങിയവയെ സ്വമേധയ കക്ഷി ചേർത്തുകൊണ്ടായിരുന്നു ഏലയ്ക്ക സാമ്പിൾ വീണ്ടും പരിശോധിക്കാൻ കോടതി ഉത്തരവിട്ടത്. ഏലയ്ക്ക ഗുണനിലവാരമില്ലാത്തതെന്ന് നേരത്തെ തിരുവനന്തപുരത്തെ സർക്കാർ ലാബിൽ കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനായിരുന്നു വീണ്ടും പരിശോധിക്കാനുള്ള നടപടി.