എറണാകുളം: കേരളത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തിന് തിരിച്ചടി. മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് മാറ്റിയതിനെതിരായ ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി ഉത്തരവ്. എസ്. ശർമ എം.എൽ.എയും നിയമസഭ സെക്രട്ടറിയും നൽകിയ ഹർജികൾ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. നിലവിലുള്ള നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഏപ്രിൽ 12നാണ് ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസമാണ് നീട്ടി വയ്‌ക്കാനുള്ള തീരുമാനം കമ്മിഷൻ എടുത്തത്. വിജ്ഞാപനം ഏപ്രിൽ ഇരുപത്തിയൊന്നിന് മുൻപ് ഇറക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള അംഗങ്ങളുടെ കാലാവധി ഏപ്രിൽ 21നാണ് അവസാനിക്കുന്നത്. അതിന് മുൻപ് വിജ്ഞാപനം ഇറക്കണം എന്നാണ് നിയമം. എന്നാൽ ഇതിന് മുൻപ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിയമത്തിലില്ലെന്നും കമ്മിഷൻ കോടതിയിൽ വ്യക്തമാക്കിരുന്നു. അത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിവേചനാധികാരത്തിൽപ്പെട്ടതാണ്.
കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ചു വന്ന സവിശേഷ സാഹചര്യമാണുള്ളത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനവികാരം പ്രതിഫലിപ്പിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ നിർദേശം അവഗണിക്കാനാകില്ലെന്നും കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മിഷൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഇതെല്ലാം തളളിയാണ് ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചത്.