എറണാകുളം: ലൈഫ് മിഷൻ ക്രമക്കേടിൽ കരാറുകാരായ യൂണിടാക്കിനെതിരെ എഫ് സി ആർ എ നിയമപ്രകാരം കേസ് നിലനിൽക്കുമോ എന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാനും കോടതി സിബിഐക്ക് നിർദേശം നൽകി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
യൂണിടാക് എം ഡി കൈക്കൂലിയായി പണം നൽകിയതിലും ഫോൺ നൽകിയതിലും അഴിമതി ഉണ്ടെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഇത് അന്വേഷിക്കേണ്ടത് വിജിലൻസ് അല്ലേയെന്നായിരുന്നു കോടതി ചോദിച്ചത്. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർ പണം വാങ്ങിയോ എന്നും പരിശോധിക്കണമെന്നും സിബിഐ കോടതിയെ അറിയിച്ചു. വിജിലൻസ് അന്വേഷണ ഫയലുകൾ കൈമാറണമെന്ന സിബിഐ ആവശ്യത്തെ സർക്കാർ എതിർത്തു. ഫയലുകൾ കൈമാറണമെന്ന് ഉത്തരവിടാൻ ആവില്ലെന്ന് കോടതിയും വ്യക്തമാക്കി. കേസിൽ വ്യാഴാഴ്ച വിശദമായ വാദം കേൾക്കും. ലൈഫ് മിഷൻ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപെട്ട് ലൈഫ് മിഷൻ സിഇഒ നൽകിയ ഹർജിയും വ്യാഴാഴ്ച പരിഗണിക്കും.