എറണാകുളം: ആര്‍ത്തവ ശുചിത്വ രംഗത്ത് സ്‌ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വ അവബോധം സൃഷ്‌ടിക്കുന്നത് ലക്ഷ്യമിട്ട് ഹൈബി ഈഡന്‍ എംപി നടപ്പാക്കിയ കപ്പ് ഓഫ് ലൈഫ് പദ്ധതി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി. 24 മണിക്കൂറിനുള്ളില്‍ 1,00,001 മെന്‍സ്‌ട്രല്‍ കപ്പുകള്‍ വിതരണം ചെയ്‌തതാണ് റെക്കോഡ്. ലോകത്തെ ഏറ്റവും വലിയ മെൻസ്‌ട്രൽ ഹൈജീനിക്ക് പ്രചാരണമായ കപ്പ് ഓഫ് ലൈഫ് 24 മണിക്കൂറിനുള്ളിൽ 126 വേദികളിലായി 1,00,001 കപ്പുകളാണ് വിതരണം ചെയ്‌തത്.
എറണാകുളം ജില്ല ഭരണകൂടത്തിന്‍റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഗിന്നസ് ബുക്കിൽ ഇടം നേടിയത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സ് അഡ്‌ജു ഡിക്കേറ്റർ സ്വപ്‌നില്‍ ധൻഗരിഗർ നിർവഹിച്ചു. ലുലു മാളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു പരിപാടി.
നടൻ ആസിഫ് അലി മുഖ്യാതിഥിയായിരുന്നു. ഹൈബി ഈഡൻ എം.പി, ജില്ല കലക്‌ടർ ഡോ.രേണു രാജ്, ഐഎംഎ കൊച്ചി പ്രസിഡന്‍റ് ഡോ. മരിയ വർഗീസ്, ഡോ. ജുനൈദ് റഹ്മാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗിന്നസ് പ്രഖ്യാപനം നടന്നത്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ കൗണ്ടറുകളിൽ നിന്ന് 2 മണിക്കൂർ 14 മിനിറ്റ് 13 സെക്കൻഡ് സമയത്തിനുള്ളിൽ 126 വേദികളിലെയും നോഡൽ ഓഫിസർമാരും പ്രതിനിധികളും ഏറ്റുവാങ്ങിയ കപ്പുകൾ ഇന്നലെ (ഓഗസ്റ്റ് 31) വൈകിട്ട് 5 മണിക്ക് മുൻപായി മുൻകൂട്ടി രജിസ്റ്റർ ചെയ്‌തവർക്ക് സൗജന്യ വിതരണം പൂർത്തിയാക്കി.
പദ്ധതിയുടെ ഭാഗമായ മുഴുവന്‍ വനിതകളെയും അഭിവാദ്യം ചെയ്യുന്നുവെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. കപ്പ് ഓഫ് ലൈഫിന്‍റെ ഭാഗമായി രണ്ട് മാസം നീളുന്ന ബോധവത്‌കരണ പ്രചാരണങ്ങളും സാങ്കേതിക സെഷനുകളുമാണ് സംഘടിപ്പിക്കുന്നത്. ഐഎംഎ കൊച്ചിയുടെ നേതൃത്വത്തിൽ ആയിരത്തോളം വോളണ്ടിയർമാർക്കാണ് ആർത്തവ ശുചിത്വം സംബന്ധിച്ചും മെൻസ്ട്രൽ കപ്പ് ഉപയോഗം സംബന്ധിച്ചും പരിശീലനം നൽകിയത്. 40 ലധികം ഡോക്‌ടർമാരാണ് പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ചത്.
മെന്‍സ്‌ട്രല്‍ കപ്പിനെ കുറിച്ചുള്ള ശാസ്‌ത്രീയമായ പഠനങ്ങള്‍ നടത്തിയതും കപ്പുകള്‍ തെരഞ്ഞെടുത്തതുമെല്ലാം ഡോക്‌ടര്‍മാരായിരുന്നു. ട്രെയ്‌നര്‍മാരുടെ പരിശീലന ചുമതലയും ഇവര്‍ തന്നെ ഏറ്റെടുത്തു. പുരുഷന്മാര്‍ക്ക് ആര്‍ത്തവ വേദന അനുഭവിച്ചറിയാനുള്ള പെയിന്‍ സിമുലേറ്ററും വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. സെലിബ്രിറ്റികളടക്കം നൂറു കണക്കിന് പേരാണ് ഇതിലൂടെ ആര്‍ത്തവ വേദന അനുഭവിച്ചറിഞ്ഞത്. ആര്‍ത്തവം സംബന്ധിച്ച് സ്‌കൂള്‍ തലം മുതല്‍ ബോധവത്‌കരണം അനിവാര്യമാണ്. ഇതെല്ലാം കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കിയത്.
ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം കോര്‍ത്തിണക്കിയ പദ്ധതിയാണ് കപ്പ് ഓഫ് ലൈഫ്. പ്രകൃതി സംരക്ഷണം, സാമ്പത്തിക ലാഭം, 3000 സ്വതന്ത്ര ദിവസങ്ങൾ, സ്‌ത്രീ ശാക്തീകരണം, ലിംഗസമത്വം, സാമൂഹിക വിലക്കിനെതിരായ ബോധവത്‌കരണം തുടങ്ങിയ സന്ദേശങ്ങളാണ് കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി പ്രചരിപ്പിച്ചത്. ഒന്നരക്കോടി രൂപയാണ് മുത്തൂറ്റ് ഫിനാൻസ് സിഎസ്‌ആർ ഫണ്ടിൽ നിന്ന് പദ്ധതിക്കായി ചെലവഴിച്ചത്.
also read: ഗിന്നസ് റെക്കോഡിനൊരുങ്ങി 'കപ്പ് ഓഫ് ലൈഫ്': 24 മണിക്കൂറിൽ ഒരു ലക്ഷം മെൻസ്ട്രൽ കപ്പ്